സബ്മിഷന് ഒരു മിനിറ്റ് മാത്രം

Thursday 13 March 2025 1:25 AM IST

തിരുവനന്തപുരം: സബ്മിഷൻ അവതരിപ്പിക്കാൻ എം.എൽ.എമാർക്ക് ഒരു മിനിറ്റ് മാത്രം സമയം അനുവദിച്ച് സ്പീക്കർ എ.എൻ. ഷംസീർ. സമയക്രമം പാലിക്കാനാണിത്. കൂടുതൽ സമയമെടുത്ത രാഹുൽ മാങ്കൂട്ടത്തിലടക്കമുള്ളവരുടെ മൈക്ക് ഓഫാക്കി. മന്ത്രിമാരുടെ ദീർഘമായ മറുപടികൾ മേശപ്പുറത്ത് വയ്ക്കാനും നിർദ്ദേശിച്ചു. ശൂന്യവേള തുടങ്ങിയപ്പോൾ തന്നെ ഒരു മിനിറ്റാണ് സമയപരിധിയെന്നും അല്ലാത്തവരുടെ മൈക്ക് ഓഫ് ചെയ്യുമെന്നും സ്പീക്കർ അറിയിച്ചിരുന്നു. ആറ്റുകാൽ പൊങ്കാല തിരക്കിൽ തിരുവനന്തപുരം നഗരം നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര പ്രമേയം അടക്കമുള്ളവ ഒഴിവാക്കുന്നതായി പ്രതിപക്ഷം അറിയിച്ചിരുന്നതായും സ്പീക്കർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിലും ഒരു മിനിറ്റാണ് അംഗങ്ങൾക്ക് അനുവദിച്ചത്.