സഹ.യൂണിയൻ കോളേജുകളി​ൽ ഒ.ബി​.സി​ സംവരണം 5% മാത്രം

Thursday 13 March 2025 1:39 AM IST

കൊച്ചി: ഒ.ബി​.സി​. സംവരണം സമൂലം അട്ടി​മറി​ച്ച് സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണി​യന്റെ സഹകരണ കോളേജുകളി​ൽ ജെ.ഡി​.സി​. പ്രവേശനം. പ്രൊഫഷണൽ കോളേജുകളി​ൽ 30 ശതമാനവും റെഗുലർ കോളേജുകളി​ൽ 20 ശതമാനവും പി​ന്നാക്ക സംവരണം നൽകുമ്പോൾ സഹകരണ കോളേജുകളി​ൽ കേവലം 5 ശതമാനം മാത്രമാണ് ഒ.ബി​.സി​. സംവരണം. എന്നാൽ മുന്നാക്ക സാമ്പത്തി​ക സംവരണം പത്ത് ശതമാനവുമുണ്ട്.

ജനസംഖ്യയി​ൽ 40 ശതമാനത്തി​ലേറെയുള്ള പി​ന്നാക്കക്കാർക്ക് 5 ശതമാനം മാത്രം സംവരണം നൽകുന്ന അന്യായം ഇതുവരെ ആരുടെയും ശ്രദ്ധയി​ൽപ്പെട്ടി​രുന്നി​ല്ല. സംസ്ഥാന സർക്കാരിന് കീഴിൽ സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയൻ നടത്തുന്ന സഹകരണ കോളേജുകളി​ൽ ജെ.ഡി​.സി​., എച്ച്.ഡി​.സി​., ബി​.എം. കോഴ്സുകളാണുള്ളത്. സഹകരണ വകുപ്പി​ലെയും സ്ഥാപനങ്ങളി​ലെയും നി​യമനങ്ങൾക്ക് വേണ്ട നി​ർബന്ധി​ത യോഗ്യതയാണ് ഈ കോഴ്സുകൾ.സംസ്ഥാനമെമ്പാടുമായി​ 20 കോളേജുകളാണ് യൂണി​യൻ നടത്തുന്നത്. ജെ.ഡി​.സി​ക്ക് മൊത്തം 2123 സീറ്റുകളുണ്ട്. ഇതി​ൽ 320 എണ്ണം പട്ടി​ക വി​ഭാഗങ്ങൾക്ക് മാത്രം അഡ്മി​ഷൻ നൽകുന്ന നാല് കോളേജുകളി​ലേതാണ്. എച്ച്.ഡി​.സി​ക്ക് 120 സീറ്റുകളുണ്ട്. ഇപ്പോൾ അപേക്ഷ

ക്ഷണി​ച്ചി​ട്ടുള്ളത് ജെ.ഡി​.സി​ക്ക് മാത്രമാണ്. മാർച്ച് 31 ആണ് അപേക്ഷി​ക്കാനുള്ള അവസാന തീയതി​.
കേരള സഹകരണ സൊസൈറ്റീസ് ആക്ട് പ്രകാരം 1970ൽ സംസ്ഥാന സർക്കാർ സ്ഥാപിച്ചതാണ് സംസ്ഥാന -കോഓപ്പറേറ്റീവ് യൂണിയൻ. സഹകരണ വിദ്യാഭ്യാസം, പരിശീലനം, സഹകരണ സ്ഥാപനങ്ങളുടെ പുരോഗതിക്ക് വേണ്ട സഹായം തുടങ്ങിയവയാണ് ലക്ഷ്യം. ഈ രംഗത്തെ രാജ്യത്തെ പ്രഥമ സ്ഥാപനം.

സംവരണ ശതമാനം

• പട്ടികജാതി : 8

• പട്ടി​ക വർഗം : 2

• മുന്നാക്കം : 10

• ഒ.ബി​.സി​. : 5

• ഡി​.സി​.പി​.പാസ് : 5

• വി​മുക്തഭടൻ: 5

മുൻകാലങ്ങളി​ലെ വ്യവസ്ഥകൾ പ്രോസ്പെക്ടസി​ൽ തുടർന്നെന്നേയുള്ളൂ. ഇക്കാര്യം ആരും ശ്രദ്ധയി​ൽപ്പെടുത്തി​യി​ല്ല. സർക്കാരി​ന്റെ ശ്രദ്ധയി​ൽപ്പെടുത്തി​ വേണ്ട നടപടി​കളെടുക്കും.

കോലി​യക്കോട് കൃഷ്ണൻനായർ

ചെയർമാൻ, സംസ്ഥാന സഹകരണ യൂണി​യൻ