തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടില്ല: ധനമന്ത്രി

Thursday 13 March 2025 1:01 AM IST

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കമാണെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ കുറവു വരുത്തില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതവും മെയിന്റനൻസ് ഗ്രാന്റും പൂർണമായി നൽകിയിട്ടുണ്ട്. തുക പൂർണമായി ചെലവഴിച്ചവർക്ക് അധിക വിഹിതം നൽകുന്നത് പരിഗണനയിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിന് നിയന്ത്രണമില്ല. ഇതിന് പൊതു പദ്ധതി വിഹിതവുമായി ബന്ധമില്ല. 12 ഗഡു നൽകേണ്ട ജനറൽ പർപ്പസ് ഫണ്ടിൽ ഈ മാസത്തെ ഗഡു ഒഴികെയുള്ളത് നൽകി. പട്ടികവിഭാഗ ഘടക പദ്ധതികൾക്കായി നീക്കിവച്ച തുകയും കുറച്ചിട്ടില്ല. കടമെടുക്കാൻ സുപ്രീംകോടതിയിൽ കേന്ദ്രത്തിനെതിരെ കേസുനടത്തി അനുമതി നേടിയതിലൂടെ, എല്ലാ കുടിശികയും കൊടുത്തു തീർത്തെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.