സുരേഷ് ഗോപിയ്‌ക്ക് വിമർശനം,​ 'പാർലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'

Wednesday 12 March 2025 9:12 PM IST

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്ക് നേരെ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. പാർലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് തമ്പടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ കഴിഞ്ഞദിവസം രാത്രിയിൽ സുരേഷ് ഗോപി കണ്ടിരുന്നു. ഇതിനെയാണ് ബ്രിട്ടാസ് വിമർശിച്ചത്. ദില്ലിയിൽ അദ്ദേഹത്തിന് ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ് നിലവിലെ പ്രവർത്തികൾ.

സുരേഷ് ഗോപി പറയുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നും ബിജെപിക്കാർ പോലും വിശ്വസിക്കില്ലെന്നും ബ്രിട്ടാസ് പറഞ്ഞു,​ അതേസമയം തന്റെ ഇടപെടലിൽ നേരിയ മാറ്റമുണ്ടായെന്നാണ് സുരേഷ് ഗോപി ഇന്ന് ആശാ സമരപന്തലിലെത്തി അറിയിച്ചത്. നാളെ സമരക്കാർ പ്രതിഷേധ പൊങ്കാലയിടുന്നുണ്ട്.

ഇന്ന് രാവിലെ ഭാര്യ രാധികയ്‌ക്കൊപ്പം ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവേയാണ് സുരേഷ് ഗോപി സമരപ്പന്തലിൽ എത്തിയത്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ ഇടപെട്ടത് ബി ജെ പിക്കാരനായതുകൊണ്ടോ, മന്ത്രിയോ എംപിയോ അയതുകൊണ്ടല്ലെന്നും സോഷ്യൽ ആക്ടിവിസ്റ്റ് ആയതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

'നിങ്ങൾ സിക്കിമിനെയും ആന്ധ്രപ്രദേശിനെയും കണ്ട് പഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയില്ല. സമയമെടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, അവർ പറഞ്ഞയുടൻ എടുത്തുകൊടുക്കാൻ പറ്റില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. രാഷ്ട്രീയക്കലർപ്പില്ലാതെയാണ് വിഷയം കേന്ദ്രത്തിൽ അവതരിപ്പിച്ചത്. അതിന്റെ നേരിയ ഫലം കണ്ടുതുടങ്ങി.' സുരേഷ് ഗോപി പറഞ്ഞു.