പദ്മകുമാർ വിഷയം ജില്ലാ കമ്മറ്റി ചർച്ചചെയ്തില്ല

Thursday 13 March 2025 1:49 AM IST

പത്തനംതിട്ട: മന്ത്രി വീണാജോർജിനെ സി.പി.എം സംസ്ഥാന സമിതിയിൽ ക്ഷണിതാവാക്കിയതിനെ ജില്ലാ കമ്മിറ്റി അംഗം എ.പദ്മകുമാർ വിമർശിച്ചത് ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയോഗത്തിൽ ചർച്ച ചെയ്തില്ല. യോഗത്തിൽ പദ്മകുമാർ പങ്കെടുത്തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നുള്ള പ്രതിനിധി യോഗത്തിന് എത്തിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റാണ് വിമർശനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. നാളെ ചേരുന്ന പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തേക്കും. സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്ത ശേഷമായിരിക്കും നടപടി. പതിനേഴിന് കേന്ദ്രസർക്കാരിനെതിരെ എൽ.ഡി.എഫ് നടത്തുന്ന സമരപരിപാടികളും മെമ്പർഷിപ്പും ചർച്ച ചെയ്താണ് ഇന്നലത്തെ ജില്ലാ കമ്മിറ്റി യോഗം അവസാനിച്ചത്.