മാലിന്യമുക്ത പത്തനംതിട്ട : പിങ്ക് സ്‌ക്വാഡ് റെഡി, 15ന് മാസ് ക്ളീനിംഗ്

Thursday 13 March 2025 12:52 AM IST

പത്തനംതിട്ട : മാർച്ച് മുപ്പതിന് മാലിന്യ മുക്ത നവകേരളമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ വീടുകളിൽ പിങ്ക് സ്ക്വാഡുകളുടെ സന്ദർശനം തുടങ്ങി. കുടുംബശ്രീ നേതൃത്വത്തിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പിങ്ക് സ്‌ക്വാഡുകളുടെ ഡോർ ടു ഡോർ ക്യാമ്പയിൻ പ്രവർത്തനങ്ങൾ റാന്നിയിൽ തുടക്കം കുറിച്ചു. ഇന്നും തുടരും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ പ്രാധ്യാന്യം ഓർമ്മപ്പെടുത്തി പോക്കറ്റ് കാർഡുകൾ വിതരണം ചെയ്യും. മാലിന്യം വലിച്ചെറിയാതിരിക്കൽ, തരം തിരിച്ച് മാലിന്യവും പാഴ്വസ്തുക്കളും ഹരിത കർമ്മസേനയെ ഏൽപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും പിങ്ക് സ്‌ക്വാഡ് പ്രദർശിപ്പിക്കും. സ്‌ക്വാഡിലെ ഭൂരിഭാഗം അംഗങ്ങളും വനിതകളായിരിക്കും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പിങ്ക് സ്‌ക്വാഡ് അംഗങ്ങളെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിൽ ആദരിക്കും. 15 മുതൽ എല്ലാ വാർഡുകളിലും മാസ് ക്ലീനിംഗ് ഡ്രൈവുകൾ സംഘടിപ്പിക്കും. എം.സി.എഫുകളിൽ നിന്നുളള മാലിന്യനീക്കം വരും ദിവസങ്ങളിൽ ത്വരിതപ്പെടുത്തും.

17 മുതൽ തദ്ദേശ വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. 24 ന് സർക്കാർ ഓഫീസുകളിൽ ക്ലീനിംഗ് ഡ്രൈവും സെഗ്രിഗേഷൻ പ്രാക്ടീസ് ഡെമോകൾ നടത്തും. കെ.എസ്. ആർ.ടി.സി ഡിപ്പോകളിലും ശുചിത്വ സന്ദേശ പ്രവർത്തനങ്ങൾ നടത്തും.

ആറ് സ്ഥാപനങ്ങൾ ഒന്നിച്ച്

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്തിൽ പത്തനംതിട്ട ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കേരള മിഷൻ, കെ.എസ്.ഡബ്ല്യു.എം.പി (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്), സി.കെ.സി.എൽ (ക്ലീൻ കേരള കമ്പനി ലിമിറ്റഡ്) എന്നിവയാണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

17ന് സ്പെഷ്യൽ ഡ്രൈവ്, 24ന് സർക്കാർ ഓഫീസുകളിൽ ക്ളീനിംഗ്

മാലിന്യ മുക്ത പത്തനംതിട്ടയ്ക്കായി സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ചിറങ്ങുകയാണ്. മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള ബോധവൽക്കരണം പ്രധാനമാണ്. മാലിന്യം ശേഖരിച്ച് ഹരിതകർമ്മ സേനയെ ഏൽപ്പിക്കണം.

എസ്.പ്രംകൃഷ്ണൻ, ജില്ലാ കളക്ടർ

മാലിന്യമുക്ത പത്തനംതിട്ട ജനകീയ മുന്നേറ്റമാണ്. നാടിന്റെ നൻമയ്ക്കും വൃത്തിക്കും എല്ലാവരും സഹകരിച്ച് മുന്നേറണം.

ജോർജ് ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്