'ഇത്തവണ മോഹൻലാൽ ചിത്രത്തിന് വേണ്ടി സ്‌പെഷ്യൽ പ്രാർത്ഥന'; പതിവ് തെറ്റിക്കാതെ ചിപ്പി

Thursday 13 March 2025 10:41 AM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് അനന്തപുരി. പണ്ടാര അടുപ്പിൽ തീ പകർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണകകിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി എത്തിച്ചേ‌ന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തി. മോഹൻലാൽ നായകനായി ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന 'തുടരും' റിലീസിന് ഒരുങ്ങുകയാണ്. സിനിമയ്ക്ക് വേണ്ടി സ്‌പെഷ്യൽ പ്രാർത്ഥന ഉണ്ടെന്നും ചിപ്പി ഒരു ഓൺലെെൻ മാദ്ധ്യമത്തോട് പ്രതികരിച്ചു.

'ഇത് എത്രാമത്തെ പൊങ്കാലയാണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടും പോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുന്നത് പോലെയാണ് തോന്നുന്നത്. ഇക്കൊല്ലം തിരക്ക് നല്ല കൂടുതലാണ്. ക്ഷേത്രത്തിൽ പോയപ്പോഴൊക്കെ നല്ല തിരക്കുണ്ട്.

'തുടരും' ഉടൻ റിലീസ് ഉണ്ടാകും. അതിന്റെ പ്രാർത്ഥനയും ഓക്കെയായിട്ടാണ് ഇത്തവണ ഞാൻ വന്നിരിക്കുന്നത്. ട്രോളുകളൊക്കെ ഞാൻ ഫോണിൽ കാണുന്നുണ്ട്. പൊങ്കാലയുടെ ഭാഗമായിട്ടുള്ളതാണ്. അതിനാൽ കുഴപ്പമില്ല. ആറ്റുകാലമ്മയുടെ പേരുമായി ചേർത്തിട്ടാണല്ലോ അതുകൊണ്ട് ഹാപ്പിയാണ്', - ചിപ്പി പറഞ്ഞു. ചിപ്പിയെ കൂടാതെ പാർവതി ജയറാമും പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്. ഒപ്പം കാളിദാസിന്റെ ഭാര്യ താരിണിയും ഉണ്ട്. ഇവരെ കൂടാതെ ഒട്ടനവധി സിനിമ - സീരിയൽ താരങ്ങളും പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്.