ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്; ഒരുപാട് സന്തോഷമുണ്ടെന്ന് നടൻ കാളിദാസിന്റെ ഭാര്യ താരിണി

Thursday 13 March 2025 12:58 PM IST

തിരുവനന്തപുരം: ചക്കി മുൻപ് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും കാളിദാസിന്റെ ഭാര്യ താരിണി പറഞ്ഞു. ഇവിടെ വന്നതിലും പൊങ്കാല ഇടാൻ കഴിഞ്ഞതിലും വളരെ സന്തോഷം ഉണ്ടെന്നും താരിണി കൂട്ടിച്ചേർത്തു.

'ഒരുപാട് വർഷമായി പൊങ്കാലയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ എത്തിയപ്പോൾ സന്തോഷമായി. ഇനി എല്ലാവർഷവും വരണമെന്നുണ്ട്. കാളിദാസിന് ഷൂട്ടിംഗ് ഉണ്ട്, ചെന്നെെയിലാണ് അതാണ് വരാത്തത്. പൊങ്കാല ആദ്യമായി ഇടുന്നത് കൊണ്ട് അമ്മ നല്ലപോലെ സഹായിച്ചു. ഇന്നലെ ക്ഷേത്രത്തിൽ പോയി. അടുത്ത തവണയും വരും',​- താരിണി വ്യക്തമാക്കി. ഒരു പ്രാവശ്യം പൊങ്കാലയിട്ടാൽ വീണ്ടും വരാൻ തോന്നുമെന്ന് ജയറാമിന്റെ ഭാര്യയും നടിയുമായ പാ‌ർവതി പറഞ്ഞു.

ഉച്ചയ്ക്ക് 1.15നാണ് നിവേദ്യം. 300ലേറെ ശാന്തിക്കാർ തീർത്ഥം തളിക്കാൻ അണിനിരക്കും. നിവേദ്യ സമയത്ത് സെസ്ന വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടിയുണ്ടാവും. പൊങ്കാലയോടനുബന്ധിച്ച് വലിയ രീതിയിലുളള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുളളത്.ഹരിത ചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉൽപാദനത്തിന് കാരണവുമാകുന്ന ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിനും പകരം സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീൽ പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.