ശബരിമല നട ഇന്ന് തുറക്കും

Friday 14 March 2025 4:27 AM IST

പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിക്കും. ഇന്ന് മുതൽ പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തരെ ഫ്ളൈഓവറിലേക്ക് കടത്തിവിടാതെ കൊടിമരത്തിനും ബലിക്കൽ മണ്ഡപത്തിനും ഇരുവശങ്ങളിലൂടെ തിരുമുമ്പിലേക്ക് നേരെ കടത്തിവിടും. ഇന്ന് പ്രത്യേക പൂജകളില്ല. നാളെ പലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് തന്ത്രിയുടെ നേതൃത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. മീനമാസ പൂജകൾ പൂർത്തിയാക്കി 19 ന് രാത്രി 10ന് നടയടയ്ക്കും.