സി.പി.എം ചെയർപേഴ്സണ് ലഹരി മാഫിയാ ബന്ധമെന്ന് പാർട്ടി കൗൺസിലർ

Friday 14 March 2025 1:00 AM IST

അടൂർ: അടൂർ നഗരസഭ ചെയർപേഴ്സണും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ദിവ്യ റെജി മുഹമ്മദിന് ലഹരി മാഫിയുമായി ബന്ധമെന്ന് സ്വന്തം പാർട്ടി കൗൺസിലർ. സി.പി.എം കൗൺസിലർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ റോണി പാണംതുണ്ടിലാണ് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ചത്. ലഹരി മാഫിയയുടെ കേന്ദ്രമെന്ന് പരാതിയുള്ള അടൂരിലെ ഒരു കടയ്ക്ക് ചെയർപേഴ്സൺ സഹായം നൽകുന്നുണ്ടെന്ന് റെജി പറഞ്ഞു. മഹിളാ അസോസിയേഷൻ സംസ്ഥാന സമിതി അംഗം കൂടിയായ ദിവ്യ,​ കടയ്ക്ക് ലൈസൻസ് സംഘടിപ്പിച്ചു നൽകിയതായും റെജി പറ‌ഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും ബി.ജെ.പിയും നഗരസഭയിലേക്ക് മാർച്ച് നടത്തി. ആരോപണം സി.പി.എം നേതൃത്വവും ചെയർപേഴ്സണും നിഷേധിച്ചു.