കാട്ടറിവും നാട്ടറിവും ചേർന്ന് 'അവസാനത്തെ അതിഥി '
സഞ്ചരിച്ച വഴികളിൽ നിന്ന് സമ്പാദിച്ച കാട്ടറിവിന്റെയും കടലറിവിന്റെയും മൂല്യങ്ങൾ ഇഴചേർത്ത് ഫാ.ഡോ.വി.പി.ജോസഫ് വലിയവീട്ടിൽ രചിച്ച നോവൽ 'അവസാനത്തെ അതിഥി" മലയാള സാഹിത്യത്തിൽ വേറിട്ട സൃഷ്ടിയാകുന്നു. നിത്യയൗവനത്തിനും ദീർഘായുസിനും വേണ്ടി നായകൻ നടത്തുന്ന യാത്രകൾക്ക് എഴുത്തുകാരൻ വൈദികനാണെന്ന ചട്ടക്കൂട് ഒരിക്കലും തടസം സൃഷ്ടിച്ചിട്ടില്ല.കാടും കടലും വെവ്വേറെ പ്രമേയങ്ങളായ ധാരാളം എഴുത്തുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇവയെ കോർത്തിണക്കി ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതത്തെ സ്പർശിക്കുന്ന നോവലെഴുതണമെന്ന ഫാ.ഡോ.വി.പി.ജോസഫിന്റെ നിശ്ചയദാർഢ്യമാണ് എട്ട് വർഷത്തോളമെടുത്ത് പൂർത്തീകരിച്ച 'അവസാനത്തെ അതിഥി"എന്ന നോവൽ. ഒരേ സമയം അദ്ധ്യാത്മിക, സാംസ്കാരിക, സാഹിത്യ, സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യമാണ് കൃപാസനം ഡയറക്ടറും ആലപ്പുഴ രൂപതാംഗവുമായ ഫാ.ഡോ.വി.പി.ജോസഫ് വലിയവീട്ടിൽ. 24മണിക്കൂറും സാക്ഷ്യം പറയുന്ന ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിന്റെ മേൽനോട്ടത്തിനൊപ്പമാണ് സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള ഫാ.വി.പി.ജോസഫിന്റെ പ്രവർത്തനങ്ങളും സാഹിത്യപ്രവർത്തനങ്ങളും. സാഹിത്യത്തിൽ സജീവമാകാൻ വൈകിയെങ്കിലും, സമൂഹത്തെ സ്നേഹത്തോടെ കൂട്ടിയോജിപ്പിക്കുക എന്ന എഴുത്തുകാരന്റെ കർത്തവ്യം കൂടി നിർവഹിച്ചുപോരുകയാണ് ഇപ്പോൾ അദ്ദേഹം. സാഹിത്യത്തിന്റെ പൊതുജീവിതത്തിൽ നിന്ന് പിന്തള്ളപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെയും ആദിവാസി സമൂഹത്തെയും പ്രമേയമാക്കിയാണ് 'അവസാനത്തെ അതിഥി"ഒരുക്കിയിരിക്കുന്നത്. 2020ൽ തെദേവു എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. ചവിട്ടുനാടക വിജ്ഞാനകോശത്തിന് പുറമേ, നെയ്തൽ തീരത്തെ സാംസ്കാരിക പഴമകൾ, പശ്ചിമ പാട്ടുപ്രസ്ഥാനം (ഗവേഷണ പ്രബന്ധം), മഴക്കോട്ട് (ചെറുകഥ), തീര വിജ്ഞാനീയം, തൈക്കൽ കപ്പലും കേരള തീരചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട അദ്ധ്യായങ്ങളും എന്നിവ വി.പി.ജോസഫിന്റെ പ്രധാന രചനകളാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഗുരു പൂജ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി കേളി പുരസ്കാരം, ഫോക് ലോർ അക്കാദമി പുരസ്കാരം, തിക്കുറിശി ഫൗണ്ടേഷൻ അവാർഡ്, കേന്ദ്ര സർക്കാർ സീനിയർ ഫെല്ലോഷിപ്പ് എന്നിങ്ങനെ നീളുന്നു പുരസ്കാരങ്ങളുടെ പട്ടിക. 2009ലും 2010ലും സംസ്ഥാനത്ത് നിന്ന് പത്മശ്രീ പുരസ്കാരത്തിന് ഫാ.വി.പി.ജോസഫ് വലിയവീട്ടിലിനെ നിർദ്ദേശിച്ചിരുന്നു.
അതിജീവനത്തിന്റെ സ്വത്വമായി സിന്ധിലക്കൊടി
വയനാടൻ ആദിവാസി വനമേഖലയിലെ അദ്ധ്യാപികയും കഥാനായകൻ സിദ്ധാർത്ഥിന്റെ വനമേഖലാ യാത്രാ ഗൈഡുമായ ആദിവാസി പണിയർ വർഗത്തിലെ സിന്ധിലക്കൊടിയെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രബല രൂപമായാണ് എഴുത്തുകാരൻ കഥയിൽ അവതരിപ്പിക്കുന്നത്. അവർ കടന്നുപോകുന്ന അഗ്നിപരീക്ഷണങ്ങൾ, അവയോടുള്ള ചെറുത്തുനിൽപ്പ്, സാമൂഹിക ഉച്ഛനീചത്വങ്ങൾക്കെതിരായ പോരാട്ട വീര്യങ്ങളെല്ലാം വരികളിൽ വരച്ചിടുന്നു. ആദിവാസി സമൂഹം പുതിയ കാലത്തിലേക്ക് സാംസ്ക്കാരികമായി മാറ്റപ്പെടുന്ന വേഷപ്പകർച്ചയെ അടയാളപ്പെടുത്തുകയെന്ന ദൗത്യവും നോവൽ ഏറ്റെടുത്തിരിക്കുന്നു. അതിജീവനത്തിന്റെയും സ്ത്രീത്വത്തിന്റെയും സ്വത്വമായാണ് സിന്ധിലക്കൊടിയെന്ന പെൺകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്ത പ്രമേയം, വേറിട്ട വഴികൾ
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമായ ഭോപ്പാൽ വിഷവാതക ചോർച്ചകാലത്ത് നിന്നാരംഭിക്കുന്നതാണ് കഥ. കടലും കാടും താണ്ടി രാഷ്ട്രീയവും പറഞ്ഞാണ് കഥ മുന്നേറുന്നത്. കാർബൺ ദുരന്തത്തിന്റെ ഇരയായ കേന്ദ്ര കഥാപാത്രം ഡോ.സിദ്ധാർത്ഥ് ഡീ കാർബനൈസ് ചെയ്യാനുള്ള തത്വം തേടി ഇന്ത്യ മുഴുവൻ അലയുന്നതാണ് നോവലിന്റെ പ്രമേയം. പക്ഷേ യാത്രകൾക്ക് ഏറെക്കാലം ആവശ്യമാണ്. അതിന് ആയുസ് വർദ്ധിക്കണം. ആർജ്ജവമുള്ള യൗവനം നിലനിൽക്കണം. നിത്യയൗവനത്തിനും ദീർഘായുസിനും വേണ്ടി നായകൻ കാടും കടലും താണ്ടി ദീർഘമായി സഞ്ചരിച്ചു. മനുഷ്യ ആയുസ്സിന്റെ മരുന്നായി മാറുന്ന അപൂർവ്വ സസ്യജാലങ്ങളെയും അത്യപൂർവ്വ കടൽജീവികളെയും കുറിച്ചുള്ള അറിവുകൾ വസ്തുതാപരമാണെന്ന് ബോദ്ധ്യപ്പെടാൻ എഴുത്തുകാരൻ നായകനെ അദ്ധ്യായങ്ങളിൽ ഉടനീളം അനുഗമിക്കുന്നുണ്ട്. സർവ്വനാശത്തിന് മുമ്പ് പരിഹാരം കാണാൻ വേണ്ടിയുള്ളതാണ് നായകന്റെ യാത്രകൾ. വൈദ്യശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ പ്രീമിയം കവറേജ് ഉള്ളവർക്കു മാത്രമേ താങ്ങാനാകൂ എന്ന തിരിച്ചറിവാണ് ഡോ.സിദ്ധാർത്ഥ് എന്ന കേന്ദ്രകഥാപാത്രത്തെ വേറിട്ട വഴികളിലൂടെ സഞ്ചരിപ്പിക്കുന്നത്. ശാസ്ത്രം പുരോഗമിക്കുമ്പോഴും ചികിത്സാചെലവുകൾ സാധാരണക്കാരന് താങ്ങാനാകാത്ത നിലയിൽ കുതിക്കുകയാണ്. കുറഞ്ഞ ചെലവിൽ ദീർഘായുസിനുള്ള പ്രൊജക്ട് കണ്ടുപിടിക്കണമെന്ന ലക്ഷ്യത്തിലെത്താൻ ഏറ്റവും പഴക്കമുള്ള ആളുകളയും അനുഭവജ്ഞാനത്തെയുമാണ് നായകൻ അവലംബിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ ശാസ്ത്രീയ ചികിത്സാരീതികൾ, കടലിലെയും കാട്ടിലെയും പുറംലോകമറിയാത്ത ചികിത്സാ സാദ്ധ്യതകൾ എന്നിവയെല്ലാം അന്വേഷണ വഴികളിൽ നോവലിൽ പ്രമേയമാകുന്നു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രവും കണിച്ചുകുളങ്ങരയും ചിക്കര കുട്ടികളുമെല്ലാം വൈദികന്റെ എഴുത്തിൽ സന്ദർഭോചിതമായി ഉപയോഗിച്ചിരിക്കുന്നു. ഇന്ത്യയുടെ സംസ്കാരം, പാരിസ്ഥിതിക ആഘാതങ്ങൾ എല്ലാം നോവലിൽ കടന്നുപോകുന്നു. മുഖ്യധാരയിൽ നിന്ന് തള്ളിമാറ്റപ്പെട്ട ആദിവാസി - മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ജനജീവിതം, വ്യക്തി മാഹാത്മ്യം എന്നിവ പുതിയ കാലത്തെ സാഹിത്യ സൃഷ്ടികളിൽ വേണ്ടവിധം കാണാതെ പോകുന്നതിനുള്ള പരിഹാരം കൂടിയാണ് വൈദികനായ വി.പി.ജോസഫിന്റെ നോവൽ. ചർച്ച ചെയ്യപ്പെടാതെ പോയ പ്രമേയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നത് ഫാ.വി.പി.ജോസഫിന്റെ മനസ്സിൽ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സൂക്ഷിച്ചിരുന്ന സ്വപ്നമാണ്. കടലിലും കാട്ടിലും നിരവധി തവണ നടത്തിയ യാത്രകളാണ് 'അവസാനത്തെ അതിഥി"ഒരുക്കാൻ ഫാ.വി.പി.ജോസഫിന് അടിത്തറ പാകിയത്. വെള്ളത്തിനും കാറ്റിനും പോലുമുണ്ടാകുന്ന മാറ്റങ്ങളെ ഒരു മനുഷ്യന് സംഭവിക്കുന്ന മാറ്റങ്ങൾ പോലെയാണ് താൻ നിരീക്ഷിക്കാറുള്ളതെന്ന് ഫാ.വി.പി.ജോസഫ് പറയുന്നു. കാലത്തോടും സംഘർഷങ്ങളോടും ഒരു വൈദികനെന്ന ചട്ടക്കൂട് മറികടന്ന് സർഗാത്മകമായി പ്രതികരിക്കാൻ ഫാ.ഡോ.വി.വി.ജോസഫ് വലിയവീട്ടിൽ എന്ന സാഹിത്യകാരന് 'അവസാനത്തെ അതിഥി"യിലൂടെ സാധിച്ചിരിക്കുന്നു. രണ്ട് ഭാഗങ്ങളായാണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.