സ്വര്‍ണത്തിന് വില കുറയണമെങ്കില്‍ ട്രംപ് വിചാരിക്കണം, വാങ്ങി കൂട്ടി റിസര്‍വ് ബാങ്ക്

Saturday 15 March 2025 12:28 AM IST

രാജ്യാന്തര വില ആദ്യമായി ഔണ്‍സിന് 3,000 ഡോളര്‍ കവിഞ്ഞു,

പവന്‍ വില 65,840 രൂപയില്‍

ആഗോള വ്യാപാര അനിശ്ചിതത്വത്തില്‍ സുവര്‍ണക്കുതിപ്പ്


കൊച്ചി: ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന്(28.35) മൂവായിരം ഡോളര്‍ കവിഞ്ഞു. കേരളത്തിലും സ്വര്‍ണം പവന്‍ വില 880 രൂപ ഉയര്‍ന്ന് 65,840 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 110 രൂപ വര്‍ദ്ധിച്ച് 8,230 രൂപയിലെത്തി. 18 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപ ഉയര്‍ന്ന് 6,770 രൂപയിലെത്തി. 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില കിലോയ്ക്ക് 93 ലക്ഷം രൂപയാണ്.

ആഗോള വ്യാപാര യുദ്ധവും അമേരിക്കയിലെ മാന്ദ്യ സാദ്ധ്യതകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിച്ചതോടെയാണ് വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയത്. ഉക്രെയിനും റഷ്യയുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ അനിശ്ചിതത്വവും സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുന്നു. ക്യാനഡ, മെക്‌സികോ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ കുത്തനെ ഉയര്‍ത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിക്കുന്നത്.


വിദേശ നാണയ ശേഖരത്തില്‍ കുതിപ്പ്, സ്വര്‍ണം വാങ്ങി കൂട്ടി റിസര്‍വ് ബാങ്ക്

കൊച്ചി: ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്ന് വിദേശ നാണയ ശേഖരം കുത്തനെ കൂടുന്നു. മാര്‍ച്ച് ഏഴിന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 1,526 കോടി ഡോളര്‍ വര്‍ദ്ധിച്ച് 65,397 കോടി ഡോളറിലെത്തി. മുന്‍വാരത്തില്‍ വിദേശ നാണയ ശേഖരം 170 കോടി ഡോളര്‍ ഇടിഞ്ഞ് 63,869 കോടി ഡോളറായിരുന്നു.


അവലോകന കാലയളവില്‍ വിദേശ നാണയങ്ങളുടെ മൂല്യം 1393 കോടി ഡോളര്‍ ഉയര്‍ന്ന് 55,728 കോടി ഡോളറായി. യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ നാണയങ്ങളുടെ മൂല്യത്തിലെ വര്‍ദ്ധനയും ശേഖരം മെച്ചപ്പെടുത്തി. സ്വര്‍ണ ശേഖരം ഇക്കാലയളവില്‍ നൂറ് കോടി ഡോളര്‍ വര്‍ദ്ധിച്ച് 7,432 കോടി ഡോളറായി. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് മൂന്ന് ടണ്‍ സ്വര്‍ണമാണ് അധികമായി വാങ്ങിയത്. വിപണിയിലെ പണദൗര്‍ലഭ്യം നേരിടാനായി റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വാങ്ങിയതും വിദേശ നാണയ ശേഖരത്തിന്റെ മൂല്യം കൂടാന്‍ സഹായിച്ചു.