പ്രായത്തിന്റെ പേരിൽ വാടക ഗർഭധാരണം തടഞ്ഞ വിധി റദ്ദാക്കി

Saturday 15 March 2025 12:42 AM IST

കൊച്ചി: 50 വയസ് കഴിഞ്ഞ സ്ത്രീക്ക് വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതി പ്രായപരിധിയുടെ പേരിൽ നിഷേധിച്ച സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കി. കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് ഒരാഴ്ചയ്ക്കകം യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിച്ചു. വാടക ഗർഭധാരണത്തിന് അപേക്ഷിക്കുമ്പോൾ,​ സ്ത്രീകൾക്ക് 23 മുതൽ 50വരെയും പുരുഷന്മാർക്ക് 26 മുതൽ 55 വരെയുമാണ് സറോഗസി നിയമപ്രകാരം പ്രായപരിധി. എന്നാൽ ചട്ടത്തിലെ നിബന്ധനപ്രകാരം, 51 തികയുന്നതിന്റെ തലേന്നുവരെ 50 വയസായി കണക്കാക്കാമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് എസ്.മനുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി.


കുട്ടികളില്ലാത്ത ദമ്പതികൾ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഗർഭധാരണം സാദ്ധ്യമല്ലെന്ന് ഉറപ്പായതോടെ ഗർഭപാത്രം വാടകയ്ക്ക് നൽകാൻ തയ്യാറായ യുവതിയുമായി ഇവർ സറോഗസി ബോർഡിന്റെ അനുമതി തേടുകയായിരുന്നു. സ്‌കൂൾ രേഖപ്രകാരം 1974 ജൂൺ 21നാണ് ഹർജിക്കാരിയുടെ ജനനത്തീയതി. ഇതേത്തുടർന്ന് അനുമതി നിഷേധിച്ചു. ജനനം 1978 ജൂൺ 21 ആയി രേഖപ്പെടുത്തിയിട്ടുള്ള ആധാർ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ ബോർഡ് പരിഗണിച്ചില്ല. ഹൈക്കോടതി സിംഗിൾബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളിയതോടെ അപ്പീൽ നൽകുകയായിരുന്നു.


സ്‌കൂൾ രേഖയ്ക്ക് പകരം മറ്റ് ആധികാരിക രേഖകൾ പരിശോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സ്‌കൂൾ രേഖയാണ് ഡിവിഷൻബെഞ്ചും പരിഗണിച്ചത്. ഹർജിക്കാരിയുടെ അമ്പതാം ജന്മദിനം കഴിഞ്ഞെങ്കിലും 51 ആയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹർജിക്കാരിയുടെ ആവശ്യം അനുവദിക്കാവുന്നതാണ്. ധാർമികവും നിയമപരവുമായ അവകാശങ്ങൾ ഉറപ്പാക്കണമെന്നും അനാവശ്യമായ നിയന്ത്രണങ്ങൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.