സവർണ ക്ഷേത്രങ്ങൾ ബഹിഷ്‌കരിക്കണം: ഈഴവ മഹാജനസഭ

Saturday 15 March 2025 12:45 AM IST

കൊച്ചി: സവർണ ക്ഷേത്രങ്ങൾ ഈഴവരുൾപ്പെടെ പിന്നാക്ക സമുദായാംഗങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ഈഴവ മഹാജനസഭ ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കൂടൽമാണിക്യം ക്ഷേത്രത്തിൽ സവർണ ഭീകരതയാണ് നടക്കുന്നതെന്ന് സഭ ദേശീയ പ്രസിഡന്റ് എസ്. സുവർണകുമാർ, ദേശീയ സീനിയർ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ പി.എസ്. ബാബുറാം എന്നിവർ പറഞ്ഞു.

അയിത്താചരണത്തിനെതിരെ സുപ്രീംകോടതിയുടെ വിധികൾക്ക് പുല്ലുവില കൽപ്പിച്ച കൂടൽമാണിക്യം ക്ഷേത്രതന്ത്രിമാർക്കും ഭരണാധികാരികൾക്കുമെതിരെ കേസെടുക്കണം. സർക്കാരും ദേവസ്വം ബോർഡുകളും നടപടി സ്വീകരിക്കണം. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം ബ്രാഹ്മണ, സവർണ വിഭാഗങ്ങളുടെ നിയന്ത്രണത്തിലും ഭരണത്തിലുമാണ്. അവിടെ ലഭിക്കുന്ന വരുമാനത്തിൽ മുക്കാൽപ്പങ്കും ഈഴവരുൾപ്പെടെ പിന്നാക്കക്കാരുടെ വഴിപാടും കാണിക്കയുമാണ്. സവർണരായ തന്ത്രിമാരെയും പൂജാരിമാരെയും ഉദ്യോഗസ്ഥരെയും ഭരണസമിതിക്കാരെയും തീറ്റിപ്പോറ്റാനില്ലെന്ന് ഹൈന്ദവ സമൂഹത്തി​ന്റെ 75 ശതമാനം വരുന്ന പിന്നാക്കവിഭാഗങ്ങൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ.

വാർത്താസമ്മേളനത്തിൽ ദേശീയ ട്രഷറർ പ്രബോധ് എസ്. കണ്ടച്ചിറ, വനിതാവിഭാഗം സെക്രട്ടറി ലൈല സുകുമാരൻ എന്നിവരും പങ്കെടുത്തു.