കിലോയ്ക്ക് 5000ന് വാങ്ങും ഒരു ലക്ഷത്തിന് വില്ക്കും

Saturday 15 March 2025 1:53 AM IST

തിരുവനന്തപുരം: ആന്ധ്ര, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് പ്രധാനമായും കേരളത്തിലെത്തിക്കുന്നത്. ഡിസംബർ-ജനുവരിയാണ് വിളവെടുപ്പ് കാലം. അപ്പോൾ വില നന്നേ കുറയും. കിലോയ്ക്ക് 5000 രൂപയ്ക്ക് കിട്ടും. വൻതോതിൽ സംഭരിക്കും. 200- 500 വിലയുള്ള പൊതികളാക്കി വിറ്റാൽ കിലേയ്ക്ക് ഒരു ലക്ഷം കിട്ടും. മയക്കുമരുന്ന് ലോബിയുടെ കൊയ്ത്ത് ഇങ്ങനെയാണ്.

കഴിഞ്ഞ 20 ദിവസത്തിനിടെ പൊലീസ് 299.85 കിലോ കഞ്ചാവ് പിടികൂടി. 38 കേസുകൾ വൻതോതിൽ സംഭരിച്ചതിനാണ്. ജനുവരിയിൽ എക്സൈസ് പിടിച്ചത് 417.36 കിലോയാണ്. കടത്തുന്നതിൽ 5 ശതമാനം പോലും പിടിക്കുന്നില്ല.

കൊച്ചിയിലേക്കാണ് ഏറ്റവുമധികം കഞ്ചാവെത്തുന്നത്. രണ്ടാഴ്ചയ്ക്കിടെ 21.77കിലോ പൊലീസ് പിടിച്ചു. തമിഴ്നാട്ടിലെത്തിച്ച് ചരക്കുവണ്ടികളിലും ബസുകളിലും അതിർത്തി കടത്തുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനിലും കഞ്ചാവെത്തിക്കുന്നു.

ചില്ലറയായി വാങ്ങുന്നവരിൽ നല്ലൊരു പങ്ക് വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികൾ തന്നെയാണ് ഏജന്റുമാരും. കോളേജുകൾക്കടുത്തുള്ള തട്ടുകടകൾ പലതും ലഹരി കേന്ദ്രങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ലഹരിവിൽപ്പനയ്ക്ക് സമൂഹമാദ്ധ്യമ കൂട്ടായ്മകളുണ്ട്. വാട്സ്ആപ്പിൽ സന്ദേശമിട്ടാൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകും. കോഡുകളാണ് ഉപയോഗിക്കുന്നത്. ഇടുക്കിഗോൾഡ് എന്ന പേരിൽ ഒഡിഷയിലെയും ആന്ധ്രയിലെയും കഞ്ചാവാണ് വിറ്റഴിക്കപ്പെടുന്നത്.

മാവോയിസ്റ്റ് മേഖലകളിലാണ് കഞ്ചാവ് തോട്ടങ്ങളേറെയും. ആന്ധ്രയിലും തെലങ്കാനയിലുമൊക്കെ അമ്പതിനായിരം ഏക്കറിലേറെ വലിപ്പമുള്ള കഞ്ചാവു തോട്ടങ്ങളുണ്ട്. വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളായ നരസിപ്പട്ടണം, ചിന്തപ്പള്ളി, പാടേരു മേഖലകളിലാണ് കൃഷിയേറെയും.

കഞ്ചാവ് മിഠായി,ഷേക്ക്

വയനാട്ടിൽ വിദ്യാർത്ഥികൾക്കിടയിൽ 50 രൂപയുടെ കഞ്ചാവ് മിഠായി വ്യാപകമാണ്. സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലൂടെയാണ് വിൽപ്പന

കോഴിക്കോട്ടെ ജ്യൂസ് സ്റ്റാളുകളിൽ കഞ്ചാവ് കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക്‌ഷേക്കിൽ ചേർത്ത് വിദ്യാർത്ഥികൾക്ക് വിറ്റത് പിടികൂടി

സംഭരണകേന്ദ്രങ്ങളും മൊത്തവിതരണ ശൃംഖലയും ഇല്ലാതാക്കണം. എന്നാലേ രക്ഷയുള്ളൂ

-ബി.രാധാകൃഷ്ണൻ,

ജോയിന്റ് എക്സൈസ് കമ്മിഷണർ

10,829 കിലോ

മൂന്നുവർഷം കൊണ്ട് പിടികൂടിയത്

4370 കിലോ

എക്സൈസ് ഒരു വർഷത്തിനിടെ പിടിച്ചത്