'പെൺകുഞ്ഞ് ആയിരുന്നു, അപ്പോൾ തന്നെ മരിച്ചു'; ദുഃഖവാർത്ത പങ്കുവച്ച് ടിടി ഫാമിലി
സോഷ്യൽ മീഡിയ താരങ്ങളായ ഷെമി-ഷെഫി ദമ്പതികളുടെ കുഞ്ഞ് ജനനത്തിന് തൊട്ടുപിന്നാലെ മരണപ്പെട്ടു. ഇൻസ്റ്റഗ്രാം, യുട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരായ ദമ്പതികൾ 'ടിടി ഫാമിലി' എന്നാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞിന്റെ മരണവിവരം ഇവർ തന്നെയാണ് അറിയിച്ചത്.
'ഷെമി പ്രസവിച്ചു, പെൺകുഞ്ഞ് ആയിരുന്നു. അപ്പോൾ തന്നെ മരിച്ചു എല്ലാവരും ദുആ ചെയ്യണം' എന്നാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ടിടി ഫാമിലി കുറിച്ചത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ് മരണപ്പെട്ടത്. പ്രായത്തിന്റേതായ പ്രയാസങ്ങൾ പ്രസവസമയത്ത് നേരിടേണ്ടി വന്നേക്കാമെന്ന് മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഷെമി സൂചിപ്പിച്ചിരുന്നു. ഇന്നലെ കുഞ്ഞിന്റെ നെഞ്ചിടിപ്പിൽ വ്യത്യാസമുള്ളതായി ചൂണ്ടിക്കാട്ടി പെട്ടെന്ന് ലേബർ റൂമിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗർഭകാലത്തെ വീഡിയോകൾ സമൂഹമാദ്ധ്യമത്തിൽ ഇരുവരും പങ്കുവച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനായി ആരാധകർ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും ദുഃഖവാർത്ത പങ്കുവച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്‌ളോഗർമാരാണ് "ടിടി ഫാമിലി". യുട്യൂബിൽ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണുള്ളത്. നാലുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഷെഫിയേക്കാൾ ഷെമിക്ക് പ്രായക്കൂടുതൽ ഉള്ളതിനാൽ സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം ഇരുവരും ഏറെ വിമർശനങ്ങൾ നേരിടാറുണ്ട്. ഇരുവർക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം ഉണ്ടായിട്ടുണ്ട്. ഉമ്മയും മകനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകൾക്ക് വരാറുണ്ട്. ഷെമിക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളാണുള്ളത്.