'വെബ്  സീരീസ്  പോലെ  എപ്പിസോഡ്  ആയിട്ടല്ലേ വീഡിയോ വരുന്നത്'; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല

Saturday 15 March 2025 6:21 PM IST

കൊച്ചി: മുൻ പങ്കാളി എലിസബത്ത്, മുൻ ഭാര്യ അമൃത സുരേഷ്, യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകി നടൻ ബാല. സോഷ്യൽ മീഡിയ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതിയിൽ നടൻ പറയുന്നത്. ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് ബാല പരാതി നൽകിയത്.

സോഷ്യൽ മീഡിയ വഴി യൂട്യൂബർ അജു അലക്സുമായി ചേർന്ന് തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ബാലയുടെ പരാതി. അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോൺകോൾ വന്നിരുന്നു. അതിന് താൻ വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

'എന്നെയും കുടുംബത്തെയും ഹരാസ് ചെയ്യുകയാണ്. കേരളത്തിൽ ആർക്കെങ്കിലും പെെസയില്ലെങ്കിൽ എന്നെ കുറിച്ച് മോശമായി സംസാരിച്ചാൽ കാശുണ്ടാക്കാൻ പറ്റും. ഇത് ഒരു തൊഴിലായി എടുക്കുകയാണ്. ഒരു സെലിബ്രിറ്റിയെ പേരെടുത്ത് വിളിച്ച് അപമാനിക്കുന്നു. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ ഓരോന്ന് ഓരോന്നായി വരുന്നത്. മനസ് നൊന്ത് ഒരു ചോദ്യം ചോദിക്കട്ടെ ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ?. ഒരു സ്ത്രീയെ ഒരാൾ ഒന്നര രണ്ടുവർഷം റേപ്പ് ചെയ്തുകൊണ്ടിരിക്കുമോ? ഒരാളെ ഒരു തവണ ചെയ്താൽ അല്ലേ റേപ്പ്. ഞാൻ ഒരു കിഡ്നി രോഗിയാണ്. ഓപ്പറേഷൻ കഴിഞ്ഞപ്പോഴാണ് എലിസബത്ത് വന്നത്. കഴിഞ്ഞ ഒന്നരക്കൊല്ലം എലിസബത്ത് എവിടെയായിരുന്നു. പരാതി കൊടുത്തത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല',- മാദ്ധ്യമങ്ങളോട് ബാല പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസമായി മുൻ പങ്കാളി എലിസബത്ത് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ബാലയുടെ ഭാര്യ കോകിലയ്ക്ക് എതിരെയും എലിസബത്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാല ഇപ്പോൾ പൊലീസിൽ പരാതി നൽകിയത്.