കളമശേരി കഞ്ചാവിന് ബംഗാൾ ബന്ധം ; രണ്ട് പൂർവ വിദ്യാർത്ഥികൾ അറസ്റ്റിൽ
ക്യാമ്പസിൽ എക്സൈസ് റെയ്ഡിന് അനുമതി വേണ്ട
തിരുവനന്തപുരം/ കാെച്ചി: കളമശേരി ഗവ. പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത കഞ്ചാവിനു പിന്നിൽ പശ്ചിമ ബംഗാൾ കണക്ഷൻ വ്യക്തമായതോടെ പൊലീസും എക്സൈസും സംയുക്തമായി
ക്യാമ്പസുകളിൽ വ്യാപക റെയ്ഡ് നടത്താൻ തീരുമാനിച്ചു.
കളമശേരി ഗവ.പോളിടെക്നിക് കാേളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ടു പൂർവവിദ്യാർത്ഥികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവർക്ക് കഞ്ചാവ് കൈമാറിയ പശ്ചിമ ബംഗാൾ സ്വദേശിക്കായി വ്യാപക തെരച്ചിൽ തുടങ്ങി. കൊച്ചിയിലെ കഞ്ചാവ് കച്ചവടക്കാരായ ആലുവ എടയപ്പുറം കൊന്നക്കാട് മല്ലിശേരി വീട്ടിൽ ആഷിഖ് (20), ആലുവ ദേശം കല്ലുംകോട്ടിൽ വീട്ടിൽ കെ.എസ്. ശാലിഖ് (21) എന്നിവരാണ് പിടിയിലായത്. ശാലിഖ് പോളിടെക്‌നിക്കിലെ മുൻ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയും ആഷിഖ് കെ.എസ്.യു പ്രവർത്തകനുമായിരുന്നെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
ശാലിഖാണ് പശ്ചിമബംഗാൾ സ്വദേശിയിൽ നിന്ന് കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ആഷിഖ് വഴി ഹോസ്റ്റൽ അന്തേവാസിയായ ആകാശിന് കൈമാറി. റെയ്ഡിൽ അറസ്റ്റിലായ ആകാശ് റിമാൻഡിലാണ്.ആകാശ് നൽകിയ സൂചന പ്രകാരമാണ് ശാലിഖിനെ വീട്ടിൽ നിന്നും ആഷിഖിനെ കളമശേരി പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്. മുമ്പും കഞ്ചാവ് എത്തിച്ചിട്ടുണ്ട്.
ക്യാമ്പസുകളിൽ റെയ്ഡിന് മുൻകൂർ അനുമതി ആവശ്യമില്ലെന്നും ലഹരി പിടികൂടാൻ എവിടെയും പരിശോധിക്കാനുള്ള അധികാരമുണ്ടെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു.
സംശയമുള്ള സ്ഥലങ്ങളിലെല്ലാം സംയുക്ത പരിശോധന നടത്താൻ മനോജ്എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനിച്ചത്. ലഹരിവിതരണക്കാരുടെയും വില്പനക്കാരുടെയും കാരിയർമാരുടെയും വിവരങ്ങൾ പരസ്പരം കൈമാറും.
എക്സൈസ് ചെക്ക്പോസ്റ്റുകളിൽ പൊലീസുമുണ്ടാവും. ലഹരി ഇടപാടുകാരുടെ ഫോൺ ചോർത്തും.
മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം നൽകാൻ പോർട്ടലും സജ്ജമാക്കും.
എക്സൈസ് കമ്മിഷണർ, ഐ.ജിമാർ, ഡി.ഐ.ജിമാർ, എസ്.പിമാർ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ക്യാമ്പസുകളിൽ
തുടർ നിരീക്ഷണം
# ക്യാമ്പസുകളിലെ നിരീക്ഷണം ശക്തിപ്പെടുത്തും. മാതാപിതാക്കളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കും. ലഹരി ഇടപാടുകളുടെ വിവരങ്ങൾ അറിയിക്കാൻ സംവിധാനമൊരുക്കും. രാത്രികാല റെയ്ഡുകൾ വ്യാപകമാക്കും.
# ഉമിനീർ പരിശോധിച്ച് ലഹരി ഉപയോഗം കണ്ടെത്തുന്ന കിറ്റുകൾ റെയ്ഡിൽ ഉപയോഗിക്കും.
പ്രിൻസിപ്പൽമാരും അദ്ധ്യാപകരുമടങ്ങിയ വിർച്വൽ പൊലീസ്, എക്സൈസ് യൂണിറ്റുകൾ സജീവമാക്കും.
ഇടപാട് വാട്‌സ്ആപ്പിൽ ഹോസ്റ്റലിൽ കച്ചവടം നടന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു. മുൻകൂറായി പണം നൽകുന്നവർക്ക് പ്രത്യേകം ഓഫറും നൽകിയിരുന്നു. 500 മുതൽ 2000 വരെ രൂപ വരെ പിരിച്ചിട്ടുണ്ട്.
1140
സ്കൂളുകളിൽ
ലഹരിയിടപാട്
31.8%
കോളേജ് വിദ്യാർത്ഥികളും
ലഹരി ഉപയോഗിക്കുന്നെന്ന്
എക്സൈസിന്റെ കണക്ക്.
`അറസ്റ്റിലായ വിദ്യാർത്ഥികളെ അകറ്റി നിറുത്തില്ല. നേരിന്റെ പാതയിലേക്ക് കൈപിടിച്ച് നടത്തും.'
- ഡോ. ഐജു തോമസ്,
കളമശേരി ഗവ. പോളിടെക്നിക്
കോളേജ് പ്രിൻസിപ്പൽ
ഇന്നലെ അറസ്റ്റിലായ രണ്ടുപേരും നേരിട്ട് പങ്കാളിത്തമുള്ളവരാണ്. കുറ്റം സമ്മതിച്ചിട്ടുണ്ട്. പി.വി ബേബി അസി. പൊലീസ് കമ്മിഷണർ തൃക്കാക്കര