കെ.എം.അച്യുതൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
Sunday 16 March 2025 4:41 AM IST
ഗുരുവായൂർ: ഗുരുവായൂരിൽ അടുത്ത ആറ് മാസത്തെ മേൽശാന്തിയായി എടപ്പാൾ വട്ടംകുളം മുതൂർ കവപ്രമാറത്ത് മനയിൽ അച്യുതൻ നമ്പൂതിരിയെ (53) തിരഞ്ഞെടുത്തു.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ അച്ചുതൻ നമ്പൂതിരി ഭാഗവതാചാര്യനുമാണ്. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക നിസയാണ് ഭാര്യ. ഏക മകൻ കൃഷ്ണദത്ത് ബി.എ വിദ്യാർത്ഥിയാണ്. മേൽശാന്തി സ്ഥാനത്തേക്കുള്ള അപേക്ഷകരിൽ, തന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച 51പേരിൽ 44 പേർ ഹാജരായി. 38 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച് ഉച്ചപൂജയ്ക്ക് ശേഷം ഇപ്പോഴത്തെ മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി നറുക്കെടുത്തു. 12 ദിവസത്തെ ഭജനത്തിന് ശേഷം ഈ മാസം 31 ന് രാത്രിയാണ് പുതിയ മേൽശാന്തി സ്ഥാനമേൽക്കുക.