കൊല്ലം റെയിൽവേ സ്റ്റേഷനിൽ എയർ കോൺകോഴ്സ് നിർമ്മാണം തുടങ്ങി
സൗകര്യങ്ങൾ വിമാനത്താവളങ്ങൾക്ക് സമാനം
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന എയർ കോൺകോഴ്സ് നിർമ്മാണം ആരംഭിച്ചു. വിമാനത്താവളങ്ങൾക്ക് സമാനമായി അത്യാധുനിക സൗകര്യങ്ങളോടെയാണ് എയർ കോൺകോഴ്‌സ് ഒരുങ്ങുന്നത്. പ്രധാന കവാടം ഉൾപ്പെടുന്ന ഒന്നാമത്തെ പ്ലാറ്ര് ഫോം പൊളിച്ചുമാറ്റിയതിന് ശേഷമേ ബാക്കി പണികൾ പുരോഗമിക്കൂ. ഇത് പൊളിച്ച് മാറ്റുന്നതിനനുസരിച്ച് ഒരു മാസത്തിനകം എല്ലാ പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള നിർമാണം പുരോഗമിക്കും.
126 മീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലും രണ്ട് ടെർമിനലുകളെയും യോജിപ്പിക്കുന്ന എയർ കോൺകോഴ്‌സ് എല്ലാ പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് നിർമിക്കുന്നത്. ഫുഡ്കോർട്ട്, എ.ടി.എമ്മുകൾ, മാളുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വിപുലമായ വാണിജ്യ സമുച്ചയമാണ് പ്രധാന ആകർഷണം. 4450 ഓളം ചതുരശ്ര മീറ്ററാണ് ആകെ വിസ്തീർണം. യാത്ര കഴിഞ്ഞ് മടങ്ങുന്നവരും യാത്രയ്ക്ക് എത്തുന്നവരും ഒരേവഴിയിൽ ഇരു ദിശയിലും പോകുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാൻ വിമാനത്താവളങ്ങളിലേത് പോലെ പ്രത്യേക സംവിധാനം സജ്ജമാക്കും. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും സമയം ചിലവിടുന്നതിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. എയർ കോൺകോഴ്സിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേകം എസ്‌കലേറ്ററുകളും ലിഫ്ടുകളും സ്ഥാപിക്കും. എയർകോൺകോഴ്സ് യാഥാർത്ഥ്യമാകുന്നതോടെ പ്ലാറ്ര്‌ഫോമിലെ തിരക്കും നിയന്ത്രിക്കാൻ സാധിക്കും.
ആകെ ചെലവ് ₹ 361 കോടി
നിർമ്മാണം ഏകദേശം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. മെയിൻ കെട്ടിടം പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടം പൊളിച്ച് തീർന്നെങ്കിൽ മാത്രമേ സൗത്ത് ടെർമിനൽ നിർമ്മാണം ആരംഭിക്കൂ.
റെയിൽവേ അധികൃതർ