* ബസിന് അടിയിൽപ്പെട്ട് വീട്ടമ്മയുടെ മരണം * അറസ്റ്റിലായ ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ച എട്ടു കേസുകളിൽ പ്രതി
കൊച്ചി: എറണാകുളം മേനക ജംക്ഷനിൽ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച കേസിൽ അറസ്റ്റിലായ ഡ്രൈവർ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അനൂപിനെ (31) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാൾക്കെതിരെ എട്ട് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിനും മന:പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്. ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിന് നടപടിയെടുക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. മേനക ജംക്ഷനിൽ യാത്രക്കാരെ കയറ്റാൻ നിറുത്തിയിട്ട സ്വകാര്യബസിനെ ആലുവ-ഇടക്കൊച്ചി പാതയിലോടുന്ന സജിമോൻ എന്ന ബസ് അമിതവേഗത്തിൽ മറികടക്കുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ മരിച്ച ഫോർട്ട്കൊച്ചി നസ്രേത്ത് സ്വദേശി മേരി സനിതയുടെ സംസ്കാരം ഇന്നലെ വൈകിട്ട് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഭർത്താവ് ലോറൻസിന്റെ ബൈക്കിന് പിന്നിലിരുന്ന സഞ്ചരിച്ച സനിത അപകടത്തിൽ മരിച്ചത്. ലോറൻസിനും പരിക്കേറ്റിരുന്നു.