സഞ്ചാരികളെ മാടിവിളിച്ച് പക്ഷിഗ്രാമം , കിദൂരിൽ വരും ഇക്കോ ടൂറിസം പോയിന്റ്
കാസർകോട്: പക്ഷികളുടെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂർ പക്ഷിഗ്രാമത്തെ ഇക്കോ ടൂറിസം പോയിന്റായി പ്രഖ്യാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്‌നേഹികളുടേയും മുഖ്യ ആകർഷണകേന്ദ്രമായ കിദൂരിനെ ഗ്രാമീണ ടൂറിസം പദ്ധതിക്കായി കേരള സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ട്.
കുന്നുകൾക്കിടയിൽ പ്രകൃതിയുടെ തനത് ജലസംഭരണ കേന്ദ്രങ്ങളായ പള്ളങ്ങൾ. ഇവയ്ക്കരികിൽ കാഞ്ഞിര മരങ്ങളും മുള്ളുവേങ്ങയും നിറഞ്ഞു നിൽക്കുന്ന പ്രത്യേക ആവാസ വ്യവസ്ഥ. കിദൂരിൽ എത്തിയാൽ ഈ മനോഹര കാഴ്ചയ്ക്കുമപ്പുറം കിളികളുടെ കലപില ശബ്ദവും സഞ്ചാരികളെ ആകർഷിക്കും. ആരിക്കാടിയിൽ നിന്നും ഏഴുകിലോമീറ്റർ മാറിയാണ് കിദൂർ പക്ഷിഗ്രാമം. പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ഇഷ്ടകേന്ദ്രമായ കിദൂരിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാണുന്ന വ്യത്യസ്ത ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പക്ഷി വിവരങ്ങൾ ശേഖരിക്കുന്ന കൂട്ടായ്മയായ ഇ ബേർഡ്സിൽ കിദൂരിൽ നിന്നുമാത്രം അനേകം പക്ഷി വർഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നും പക്ഷിനിരീക്ഷകരും ഗവേഷകരും ഇവിടെയെത്തുന്നു. നിരീക്ഷകർക്ക് സൗകര്യമൊരുക്കാൻ കാസർകോട് വികസന പാക്കേജിൽ 60 ലക്ഷം രൂപ ചെലവഴിച്ച് ഒരു ആധുനിക ഡോർമെറ്ററി നിർമ്മിക്കുന്നുണ്ട്. കിദൂർ പക്ഷി ഗ്രാമം ടൂറിസം ഹബ്ബായി ഉയർന്നു വരുമ്പോൾ പരിസര പ്രദേശങ്ങളായ ആരിക്കാടി കോട്ട, അനന്തപുരം തടാക ക്ഷേത്രം എന്നിവയും വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങളാകും.
170 ഇനം പക്ഷികൾ
2016 മുതൽ 2019 വരെയുള്ള കാലത്ത്, പക്ഷിനിരീക്ഷകരായ മാക്സിം റോഡ്രിഗ്സ്, പ്രശാന്തകൃഷ്ണ, രാജു കിദൂർ, രയാൻ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ, 157 ഇനം പക്ഷികളെ കിദൂരിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. പിന്നീട് നടത്തിയ നിരീക്ഷണത്തിൽ 170ഓളം പക്ഷികളുടെയും ദേശാടനക്കിളികളുടെയും സാന്നിദ്ധ്യം കണ്ടെത്തി. വംശനാശം നേരിടുന്ന ചാരത്തലയൻ ബുൾബുൾ, വെള്ള അരിവാൾ കൊക്കൻ, കടൽക്കാട, ചേരക്കോഴി, വാൾകൊക്കൻ എന്നിവയുൾപ്പടെ 38 ദേശാടനപ്പക്ഷികളുണ്ടിവിടെ. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന കൊമ്പൻ വാനമ്പാടി, ചാരത്തലയൻ ബുൾബുൾ, ഗരുഡൻ ചാരക്കാളി, ചെഞ്ചിലപ്പൻ, ചാരവരിയൻ പ്രാവ് മഞ്ഞവരിയൻ പ്രാവ് തുടങ്ങി എല്ലായിനം പ്രാവ് ഇനങ്ങളും കിദൂരിലുണ്ട്. ചെറിയ ചൂളാൻ എരണ്ട, ചെമ്പൻ മുള്ളൻ കോഴി തുടങ്ങി അപൂർവ്വ ഇനങ്ങളുടെ വലിയൊരു പട്ടിക ഈ കൂട്ടത്തിലുണ്ട്.