ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് പരിമിതിയിൽ വീർപ്പുമുട്ടി കുടുംബ കോടതികൾ

Monday 17 March 2025 12:46 AM IST

കോഴിക്കോട്: സ്ഥലപരിമിതി. ഇരിപ്പിട സൗകര്യങ്ങളു‌ടെ അഭാവം. ടോയ്ലെറ്റിലും മുലയൂട്ടൽ, കൗൺസലിംഗ് മുറികളിലും സൗകര്യങ്ങളും സജ്ജീകരണങ്ങളും കുറവ്. സംസ്ഥാനത്തെ കുടുംബ കോടതികൾ പരിമിതികളിൽ വീർപ്പുമുട്ടുന്നുവെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ പഠനം. ശിശു സൗഹൃദാന്തരീക്ഷവും വളരെ കുറവ്. കേരളത്തെക്കാൾ മഹാരാഷ്ട്ര, കർണാടക, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങൾ മുന്നിൽ. കോഴിക്കോട്ടും എറണാകുളത്തുമാണ് സ്ഥിതി അൽപ്പമെങ്കിലും മെച്ചം.

ഏറ്റുമാനൂർ കുടുംബ കോടതിയിൽ രണ്ടുപേർക്ക് കഷ്ടിച്ച് ഇരിക്കാനുള്ള സൗകര്യമേ കൗൺസലിംഗ് മുറിക്കുള്ളൂ. തിരുവനന്തപുരത്തെ നാല് കുടുംബ കോടതികളിലും സജ്ജീകരിച്ച കൗൺസലിംഗ് മുറികളില്ല. കൊല്ലം ടൗൺ കോടതിയിൽ സ്വകാര്യത പാലിച്ച് കൗൺസലിംഗ് നടത്താൻ സൗകര്യമില്ല. കൊട്ടാരക്കര കുടുംബകോടതിയിൽ മുലയൂട്ടൽ മുറിയുണ്ടെങ്കിലും സ്ഥലം പരിമിതം. പരവൂർ കോടതിയിൽ വെെദ്യുതി തടസപ്പെടുമ്പോൾ കൗൺസലിംഗ് മുറികളിൽ വെളിച്ചമുണ്ടാകാറില്ല.

സിറ്റിംഗും മുടങ്ങുന്നു

പത്തനംതിട്ട കോടതിയിൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് സിറ്റിംഗ് നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ. ഒരു ജഡ്ജി മാത്രമായതിനാൽ തിരുവല്ല, അടൂർ കോടതികളിൽ ദിവസേന സിറ്റിംഗില്ല. കുട്ടികൾക്ക് സുരക്ഷിതമായി ഇരിക്കാനിടമില്ല. മലപ്പുറം കോടതിയിൽ ധാരാളം കേസുള്ളതിനാൽ തീർപ്പാക്കൽ വെെകുന്നു.

സ്കാൻഡിനേവിയൻ

രാജ്യങ്ങൾ മാതൃക

1.കുട്ടികളുടെ അഭിപ്രായം കേൾക്കും. കുട്ടികളുള്ള കേസുകൾക്ക് മുൻഗണന.

കുട്ടികളുടെ ക്ഷേമത്തിന് പഠനം

2.ജഡ്ജിമാർക്കും സഹായകമായ ഗവേഷണം. വിവാഹമോചിതരുടെ മക്കൾക്ക് ധനസഹായം

(നോർവെ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ് ലാൻഡ് തുടങ്ങിയവയാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ)

കുടുംബ കോടതികൾ

തിരുവനന്തപുരം...... 4

കൊല്ലം....................... 5

പത്തനംതിട്ട.............. 3

കോട്ടയം.................... 2

ഇടുക്കി...................... 2

ആലപ്പുഴ................... 2

എറണാകുളം.......... 4

തൃശൂർ..................... 3

പാലക്കാട്................. 2

മലപ്പുറം.................... 2

കോഴിക്കോട്........... 2

വയനാട്.................. 1

കണ്ണൂർ.................... 2

കാസർകോട് ........ 1