കോഴിക്കോട് കെഎസ്‌ആർ‌ടിസി ബസ് മറിഞ്ഞ് അപകടം, പതിനഞ്ചുപേർക്ക് പരിക്ക്

Monday 17 March 2025 8:31 AM IST

കോഴിക്കോട്: മുക്കത്ത് കെഎസ്‌ആർ‌ടിസി ബസ് മറിഞ്ഞ് അപകടത്തിൽ 15പേർക്ക് പരിക്ക്. കോഴിക്കോട് നിന്നും കൂമ്പാറയ്‌ക്ക് പോകുകയായിരുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസാണ് മറിഞ്ഞത്. മുക്കം മണാശേരിയിൽ വച്ച് ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയിൽ 20ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന. ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കുമടക്കം പരിക്കുണ്ട്. കണ്ടക്‌ടറുടെ തോളിൽ പൊട്ടലുണ്ടെന്നാണ് വിവരം.

ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. ബസ് അമിതവേഗത്തിലായിരുന്നു എന്ന് യാത്രക്കാർ പറയുന്നു. മുന്നിൽ പോയ കാറിനെ മറികടക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അപകടത്തിൽ പെട്ടവരെ മുക്കം കെഎംടിസി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.