വില കുറവാണെന്ന് കരുതി വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവരുന്നവർ സൂക്ഷിച്ചോളൂ; ക്യാൻസർ രോഗിയായേക്കും

Monday 17 March 2025 3:38 PM IST

ആലപ്പുഴ: നാട്ടിൽ മാമ്പഴക്കാലമാണെങ്കിലും വിപണിയിൽ നിറയുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മാങ്ങകൾ. പണ്ട് സുലഭമായിരുന്ന തത്തച്ചുണ്ടൻ, മൂവാണ്ടൻ, കോട്ടുക്കോണം തുടങ്ങിയ നാടൻ ഇനങ്ങൾ ഇപ്പോൾ കിട്ടാനില്ല. പകരം ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മാങ്ങയാണ് ജില്ലയിലെ വിപണിയിൽ സുലഭം.

കനത്തചൂടും മഴകിട്ടാത്തതുമാണ് നാടൻ മാങ്ങകൾക്ക് തിരിച്ചടിയായത്. ചിലയിടങ്ങളിൽ ഇപ്പോഴും മാങ്ങ പാകമാകാത്ത അവസ്ഥയുണ്ട്. ഈ മാസത്തോടെ മാമ്പഴ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മറുനാടൻ മാമ്പഴത്തിന് കിലോയ്ക്ക് 150 മുതൽ 280രൂപ വരെയാണ് വില.

രോഗവും വിലയ്ക്കുവാങ്ങാം !


പാകമാകാത്ത മാങ്ങകൾ കാത്സ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്നുണ്ട്. ഇത്തരം മാങ്ങകൾക്ക് താരതമ്യേന വില കുറവാണെങ്കിലും ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വലുതാണ്. കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങകളുടെ ഉപയോഗം കാൻസർ പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കും. ക്ഷീണം, തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്‌നം എന്നിവയ്ക്ക് കാത്സ്യം കാർബൈഡ് ഉപയോഗം കാരണമാകും. ഭാവിയിൽ അന്നനാളം, വൻകുടൽ, കരൾ എന്നിവിടങ്ങളിൽ കാൻസറിനും ഇടയാക്കും.


മാങ്ങവില (കിലോയ്ക്ക് രൂപയിൽ)

മൂവാണ്ടൻ............130-150

പോളച്ചിറ.............280- 320

പ്രിയൂർ...................240-280