ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി, ആന എഴുന്നള്ളത്ത് സംസ്കാരം

Tuesday 18 March 2025 4:35 AM IST

 ജഡ്ജിമാർക്കെതിരെയുള്ള ഹർജിയിൽ നോട്ടീസ്

ന്യൂഡൽഹി: ആന എഴുന്നള്ളത്തിനെതിരെ ഉത്തരവുകളിറക്കുന്ന ഹൈക്കോടതി ജഡ്ജിമാരുടെ നടപടിക്കെതിരെ സുപ്രീംകോടതി. ആന എഴുന്നള്ളത്ത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി അതുതടയാനുള്ള നീക്കമാണോ ഹൈക്കോടതി നടത്തുന്നതെന്ന സംശയവും ഉന്നയിച്ചു. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും പി.ഗോപിനാഥും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉൾപ്പെട്ട ഇടക്കാല ഉത്തരവ് സ്റ്രേ ചെയ്‌തു. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ആരോപണങ്ങളുന്നയിച്ച് വിശ്വഗജ സേവാസമിതി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന,​ സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.

ജഡ്ജിമാർക്കെതിരെയായ ആരോപണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, നാല് ദേവസ്വം ബോർഡുകൾ, മൃഗസംരക്ഷണ ബോർഡ്, ഡി.ജി.പി, വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ എന്നിവർക്കടക്കം നോട്ടീസയച്ചു. വിഷയം മേയ് ആറിന് വീണ്ടും പരിഗണിക്കും. 'ബ്രൂണോ' എന്ന തെരുവുനായയെ കൊന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളത്തും കയറി വന്നതെന്നായിരുന്നു ഗജസേവാ സമിതിയുടെ ഹർജിയിലെ ആരോപണം.

ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ നേരിട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച് കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും, പി.ഗോപിനാഥും ഉൾപ്പെട്ട ബെഞ്ച് ചില താത്പര്യങ്ങളോടെയാണ് കേസ് പരിഗണിക്കുന്നത്. നിലവിലെ നിയമത്തിന് വിരുദ്ധമായി ചില സന്നദ്ധസംഘടനകളുമായി ചേർന്ന് വിദഗ്ദ്ധസമിതി രൂപീകരിച്ചു. പിടികൂടുന്ന ആനകൾ സർക്കാർ വക സ്വത്താണെന്നും പറയുന്നു. സുപ്രീംകോടതിക്ക് മുന്നിലിരിക്കുന്ന തർക്കത്തിലാണ് ഇങ്ങനെയൊരു നിരീക്ഷണമുണ്ടായതെന്നും ഹർജിയിൽ ആരോപിച്ചു.

നാട്ടാന സർവേയ്ക്ക്

ഉൾപ്പെടെ സ്റ്റേ

ജില്ലാസമിതി രൂപീകരിച്ച് നാട്ടാനകളുടെ സർവേ (ലൈസൻസ് ഉള്ളവയുടേയും ഇല്ലാത്തവയുടേയും) നടത്തണം, ലൈസൻസ് ഇല്ലാത്ത ആനകളെ എഴുന്നള്ളത്തിന് അനുവദിക്കരുത്, പുതുതായി ഒരു ലൈസൻസും കൊടുക്കരുത് തുടങ്ങിയ ഹൈക്കോടതി ഉത്തരവുകളാണ് സ്റ്റേ ചെയ്തത്.

നടപടികൾ മരവിപ്പിച്ചില്ല

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ നടപടികൾ മരവിപ്പിക്കണമെന്ന സംഘടനയുടെ ആവശ്യം അംഗീകരിച്ചില്ല. കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന തിരുവമ്പാടി,പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യവും തള്ളി. വാദംകേൾക്കില്ലെന്ന് കോടതി നിലപാട് കടുപ്പിച്ചതോടെ ദേവസ്വങ്ങൾ ഹർജി പിൻവലിച്ചു. ഹൈക്കോടതിയെ നിലപാട് അറിയിക്കാനും നിർദ്ദേശിച്ചു. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റുകയാണോ ദേവസ്വങ്ങളുടെ ലക്ഷ്യമെന്നും സുപ്രീംകോടതി ചോദിച്ചു.