അധികം വൈകാതെ ഇവര്‍ വേറെ തൊഴില്‍ അന്വേഷിക്കേണ്ടി വരും; സ്ഥിതി മോശമെന്ന് തുറന്ന് പറഞ്ഞ് നിരവധിപേര്‍

Tuesday 18 March 2025 12:20 AM IST

വര്‍ക്കല: വഴിയോരക്കച്ചവടം വര്‍ക്കലയിലും സമീപ ടൗണ്‍ പ്രദേശങ്ങളിലും തഴച്ചുവളരുന്നു. ലൈസന്‍സോ വാടകയോ വൈദ്യുതിയോ മറ്റ് അനുബന്ധ ചട്ടങ്ങളോ പാലിക്കാതെ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്ന വ്യത്യാസമില്ലാതെ വഴിയോരക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ ചെറുകിട വ്യാപാരികള്‍ക്ക് കച്ചവടം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ന് ഒട്ടുമിക്ക വഴിയോരക്കച്ചവടങ്ങളും പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്.

ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ തെരുവ് വ്യാപാരത്തിനെത്തുമ്പോള്‍ ഗുണമേന്മയോ നിലവാരമോ ഒന്നും തന്നെ പരിശോധനയ്ക്ക് വിധേയമാകുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ചൂഷണത്തിന് ഇരയാവുകയാണ്. നാടന്‍ പച്ചക്കറികളെന്ന പേരില്‍ തെരുവുകളില്‍ വില്പന നടത്തുന്നവ അന്യസംസ്ഥാനങ്ങളില്‍ നിന്നും വീര്യമേറിയ കീടനാശിനികള്‍ ഉപയോഗിച്ച് കൃഷി ചെയ്‌തെടുത്തവയാണ്. ഈ വസ്തുത പലപ്പോഴും അധികാരികളും പൊതുജനങ്ങളും വിസ്മരിക്കുന്നു.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവൃത്തിക്കുന്ന തട്ടുകടകളില്‍ മതിയായ പരിശോധനയുണ്ടാകുന്നില്ല. തട്ടുകടകളില്‍ തിരക്കേറുമ്പോള്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും അനുശാസിക്കുന്ന നിബന്ധനകള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. റോഡരികില്‍ കയര്‍ വലിച്ചു കെട്ടിയുള്ള വസ്ത്രവ്യാപാരവും ഇന്ന് പതിവ് കാഴ്ചയാണ്. ലോഡുകണക്കിന് പഴകിയ വസ്ത്രങ്ങളാണ് തെരുവോരങ്ങളില്‍ വില്പനയ്‌ക്കെത്തിക്കുന്നത്. മത്സ്യമാര്‍ക്കറ്റുകളില്‍ നിന്നുപോലും വ്യാപാരം റോഡുകളിലേക്ക് മാറിയിട്ടുണ്ട്. വഴിയോരക്കച്ചവടത്തിനുള്ള സാധനങ്ങളും ഇവ വില്‍ക്കാനുള്ള തൊഴിലാളിയെയും ഓരോ ജംഗ്ഷനുകളിലും ഇറക്കി പോകുന്ന പിക്അപ്പ് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനോ തടയുന്നതിനോ നടപടികളില്ല.

മാളുകളുടെ കടന്നുകയറ്റം

മാളുകളുടെ കടന്നുകയറ്റവും വ്യാപാരികള്‍ക്ക് ഭീഷണിയാകുന്നു. വന്‍കിട കുത്തകകള്‍ ഓരോ പഞ്ചായത്തടിസ്ഥാനത്തില്‍ മാളുകള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. പത്ത്‌ലക്ഷത്തിലധികം കച്ചവടക്കാര്‍ ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹം. വികസനത്തിന്റെ മേന്മ പറഞ്ഞുകൊണ്ടുള്ള ഇത്തരം സ്ഥാപനങ്ങള്‍ ചെറുകിട വ്യാപാരികളെ തകര്‍ക്കുന്നു.

തൊഴില്‍കരം വര്‍ദ്ധിപ്പിച്ചു

തൊഴില്‍കരം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ചെറുകിട വ്യാപാരികളെ ദോഷമായി ബാധിച്ചിട്ടുണ്ട്. ഓരോ തൊഴിലാളിക്കായും ക്ഷേമനിധി ബോര്‍ഡില്‍ വ്യാപാരി പണമടയ്ക്കുന്നു. മുന്‍വര്‍ഷം 300 രൂപ തൊഴില്‍ കരമായി നല്‍കിയിരുന്നത് 600 രൂപയായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ 1000 രൂപയും 1250 രൂപയും സ്ലാബുകള്‍ക്ക് വര്‍ദ്ധനയില്ല.

പ്രതിസന്ധികളും പ്രശ്‌നങ്ങളും

കച്ചവടസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും ഏറെയാണ്.കെ-സ്മാര്‍ട്ടിന്റെ പേരില്‍ വര്‍ഷങ്ങളായി ലൈസന്‍സോടുകൂടി വ്യാപാരം ചെയ്യുന്നവര്‍ക്കുപോലും ലൈസന്‍സ് പുതുക്കി നല്‍കാത്ത നിലപാടില്‍ മാറ്റമുണ്ടാകണമെന്നും പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്ന അവസ്ഥ മാറണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.