മങ്കൊമ്പിന്റെ സ്വന്തം ഗോപാലകൃഷ്ണൻ

Tuesday 18 March 2025 3:03 AM IST

ആലപ്പുഴ : എല്ലാ മീനമാസത്തിലും ചമ്പക്കുളം കല്ലമ്പള്ളിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഒരു ദിവസത്തെ പൂജ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വകയാണ്. ഇത്തവണത്തെ പൂജ ഈ മാസം 24നായിരുന്നു. അടുത്തയാഴ്ച്ച അദ്ദേഹത്തിന്റെ വരവും കാത്തിരുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും മുന്നിലേക്ക് ഇന്നലെയെത്തിയത് വിയോഗ വാർത്തയാണ്.

കഴിഞ്ഞ വർഷത്തെ ഉത്സവത്തിനാണ് അവസാനമായി അദ്ദേഹം നാട്ടിലെത്തിയത്. നെടുമുടി പഞ്ചായത്തിൽ ചമ്പക്കുളം അറയ്ക്കൽ വീട്ടിൽ ഗോവിന്ദൻ നായരുടെയും, ദേവകിയമ്മയുടെയും മൂത്ത മകനായിരുന്ന ഗോപാലകൃഷ്ണന് സ്കൂൾ കാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്നു. അച്ഛൻ ചമ്പക്കുളത്തെ വായനശാലയുടെ സെക്രട്ടറിയായിരുന്നതിനാൽ പുസ്തകലോകം വേഗത്തിൽ തുറന്നു കിട്ടി. ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസം കോട്ടയത്തായിരുന്നു. കഥയിലും കവിതയിലുമുള്ള അഭിരുചി കണ്ടാണ് പി.എൻ.പണിക്കർ ഗ്രന്ഥശാലാ സംഘത്തിന്റെ മുഖമാസികയായ 'ഗ്രന്ഥലോക'ത്തിൽ സബ് എഡിറ്ററായി ഗോപാലകൃഷ്ണനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. തലസ്ഥാനത്ത് നിന്നാണ് സിനിമാലോകം തേടി മദ്രാസിലേക്ക് പുറപ്പെട്ടത്. പിന്നീട് നാട്ടിലേക്കുള്ള സ്ഥിരം വരവ് കുറഞ്ഞെങ്കിലും, ഉത്സവകാലത്ത് കേരളത്തിലുണ്ടെങ്കിൽ മുടങ്ങാതെയെത്തിയിരുന്നു. സഹോദരൻ സുനിൽ മരിച്ചു. സഹോദരി സുചിത്രാദേവിയും കുടുംബവും നാട്ടിലുണ്ട്. ഭാര്യ : കനകമ്മ. മക്കൾ: രേഖ, സ്വപ്ന, യതു, ദിവ്യ.