മസ്തിഷ്ക ജ്വര ബാധ: ആശങ്കയൊഴിയാതെ... 10 പേർ ചികിത്സയിൽ
കൊച്ചി: ജില്ലയിൽ ആശങ്കയുയർത്തി മസ്തിഷ്ക ജ്വരം. 10 പേരെയാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കളമശേരി സെന്റ് പോൾസ് ഇന്റർ നാഷണൽ സ്കൂളിൽ നിന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചിൽ നാല് പേർക്ക് എന്ററോ വൈറസ് മൂലമുള്ള മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒരാൾക്ക് എന്ററോ വൈറസ് ബാധ മാത്രമാണ് ഉണ്ടായിരുന്നതെന്നും മസ്തിഷ്ക ജ്വരമായി അത് മാറിയിരുന്നില്ലെന്നും ഡി.എം.ഒ ആശാദേവി കേരളകൗമുദിയോട് പറഞ്ഞു.
തുടർന്നാണ് കുട്ടികളുടെ അടുത്ത ബന്ധുക്കളായ നാല് കുട്ടികളെ കൂടി സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എൻ.ഐ.വി ആലപ്പുഴയിലേക്ക് അയച്ചിരിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരും ഡിസ്ചാർജായെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. ആരോഗ്യ വകുപ്പ് എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
പരീക്ഷകൾ പിന്നീട്
കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലെ ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ആരോഗ്യ വിഭാഗത്തിന്റെ അറിയിപ്പ് ലഭിച്ചതിനു ശേഷമേ നടത്തൂവെന്ന് പ്രിൻസിപ്പൽ സുനിത ബിനു സാമുവൽ പറഞ്ഞു. 11 മുതൽ സ്കൂളുകൾ അടച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം തുറന്ന് പരീക്ഷ നടത്തിയിരുന്നു. പക്ഷേ പകുതിയോളം കുട്ടികളെത്തിയില്ല. രക്ഷിതാക്കൾ ഉൾപ്പെടെ ആശങ്ക അറിയിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശത്തേത്തുടർന്ന് സ്കൂൾ 25 വരെ അടച്ചു.
മസ്തിഷ്ക ജ്വരം
ചെറിയ കുട്ടികളിലാണ് മസ്തിഷ്ക ജ്വരം കൂടുതലായുള്ളത്.
ഏറിയ പങ്കും വൈറൽ മെനഞ്ചൈറ്റസും
ബാക്ടീരിയ മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരം പോലെ ഗുരുതരമല്ല
എന്ററോ വൈറസ് മൂലമുള്ള വൈറൽ മെനിഞ്ചൈറ്റിസ്
പകരുന്നത്
നേരിട്ടുള്ള സമ്പർക്കം സ്പർശനം തുമ്മൽ, ചുമ രോഗി ഉപയോഗിച്ച വസ്തുക്കൾ കൈമാറി ഉപയോഗിക്കുന്നതിലൂടെ
ശ്രദ്ധിക്കാൻ
പനിയുള്ള കുട്ടികളെ സ്കൂളിൽ വിടരുത്
ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം
മുഖം മറച്ചു മാത്രം ചുമയ്ക്കുക, തുമ്മുക
രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ള വസ്തുക്കളുടെ പ്രതലങ്ങളുടെ ശുചീകരണം