വമ്പന്‍ മേക്കോവറിന് തയ്യാറെടുത്ത് കേരളത്തിലെ മറ്റൊരു വിമാനത്താവളം കൂടി; നടപടികള്‍ അതിവേഗത്തില്‍

Tuesday 18 March 2025 7:46 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ്. വമ്പന്‍ സൗകര്യങ്ങളോട് കൂടിയുള്ള ആധുനിക ടെര്‍മിനലാണ് അദാനി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലുള്ള തലസ്ഥാന നഗരത്തിലെ വിമാനത്താവളത്തില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ സംസ്ഥാനത്ത് മറ്റൊരു വിമാനത്താവളം കൂടി മുഖം മിനുക്കി വികസന കുതിപ്പിന് തയ്യാറെടുക്കുകയാണ്. നഷ്ടങ്ങളുടെ കണക്കും അടച്ച്പൂട്ടല്‍ ഭീഷണിയും നേരിട്ടിരുന്ന കണ്ണൂര്‍ വിമാനത്താവളമാണ് രണ്ടാം ഘട്ട വികസനത്തിന് തയ്യാറെടുക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടുത്ത ഘട്ടത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പദ്ധതിയുടെ വിശദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് മാസത്തില്‍ തന്നെ ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, അഴീക്കോട് എംഎല്‍എ കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറി. രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി പുരോഗമിക്കുന്നുണ്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പ്പെട്ട 21.81 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് കിന്‍ഫ്രക്ക് കൈമാറി. കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് അനുവദിക്കുകയും തുടര്‍നടപടി സ്വീകരിച്ചുവരികയുമാണ്.

വിമാനത്താവള റണ്‍വേയുടെ നീളം 4000 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതിന് കീഴല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട 245.33 ഏക്കര്‍ ഭൂമി നോട്ടിഫൈ ചെയ്തിരുന്നു. റണ്‍വേ എക്സ്റ്റന്‍ഷന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടി രൂപയും ഉള്‍പ്പെടെ 900 കോടി രൂപയുടെ നിര്‍ദേശം കണ്ണൂര്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പകരം ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാല്‍ പ്രത്യേക പാക്കേജ് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷിതത്വം കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ കാറ്റഗറി 1 ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിയോട് അടുത്തുകിടക്കുന്ന 5 കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി ഏറ്റെടുക്കാന്‍ ഭരണാനുമതി നല്‍കിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ 4.32 കോടി രൂപ റിലീസ് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 14 കുടുംബങ്ങളുടെ കൈവശ ഭൂമിയും വസ്തുവകകളും ഏറ്റെടുക്കുന്നതിനും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിശദ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.