ലഹരി പരിശോധന ഊർജിതം: പിടികൂടിയത് 100 പേരെ

Wednesday 19 March 2025 1:12 AM IST

പാലക്കാട്: എക്‌സൈസിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ ലഹരി പരിശോധന ഊർജിതമായി പുരോഗമിക്കുന്നു. ഫെബ്രുവരിയിലും മാർച്ച് 17 വരെയുമായി 108 എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇത്രയും കേസുകളിലായി 100 പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 181.795 കിലോ ഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടി, 35.500 ഗ്രാം ഹാഷിഷ്, 10.600 ഗ്രാം എം.ഡി.എം.എ, 166.022 ഗ്രാം മെത്തഫെറ്റമിൻ, 21.800 അൽപ്രസോളം, 14800.00 ഗ്രാം കഞ്ചാവ് ചോക്ലേറ്റ്, 2.2 ഗ്രാം നൈട്രോസെഫാം ഗുളികകളും ഇക്കാലയളവിൽ പിടികൂടി. 1,707 പരിശോധനകളാണ് എക്‌സൈസിന്റെ നേതൃത്വത്തിൽ ഇക്കാലയളവിൽ നടത്തിയത്. 41 റെയ്ഡുകൾ മറ്റ് വകുപ്പുകളുമായി സഹകരിച്ചും നടത്തി. ഇതിനുപുറമേ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബാറുകൾ, കള്ള് ഷാപ്പുകൾ, ലേബർ ക്യാമ്പുകൾ, വിദ്യാലയങ്ങളുടെ പരിസരം, തെങ്ങിൻ തോട്ടങ്ങൾ എന്നിവിടങ്ങളിലും എക്‌സൈസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.

266 അബ്കാരി കേസുകളിലായി 222 പേരെയാണ് അറസ്റ്റു ചെയ്തത്. 14 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. 867 കോട്പ കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും കേസുകളിലായി 847 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽനിന്നും 173,400 രൂപ പിഴ ഈടാക്കി. കോട്പ നിയമപ്രകാരം 416.795 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. 289 ലിറ്റർ ചാരായം, 52.19 ലിറ്റർ അന്യസംസ്ഥാന മദ്യം, 837.925 ലിറ്റർ മദ്യം, 1,534 ലിറ്റർ കള്ള്, 11,399 വാഷ്, 7.800 ലിറ്റർ ബിയർ, 27 ലിറ്റർ അരിഷ്ടം എന്നിവയും പിടികൂടി.