ഇടിമിന്നല്‍, പെരുമഴ, മോശം കാലാവസ്ഥ; തിരുവനന്തപുരത്തിറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

Tuesday 18 March 2025 10:12 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ്. ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴി തിരിച്ചു വിട്ടത്. മുംബയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യും.ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മറ്റൊരു വിമാനം കൊച്ചിയിലാണ് ഇറങ്ങുക.

അതേസമയം കനത്ത മഴയും ഇടിമിന്നലുമാണ് തിരുവനന്തപുരം നഗരത്തില്‍ രേഖപ്പെടുത്തിയത്. നഗരത്തിലെ തമ്പാനൂര്‍, വഞ്ചിയൂര്‍, ചാല തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. 45 മിനിറ്റിനുള്ളില്‍ 77.5 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ മേഘാവൃതമായ കാലാവസ്ഥയാണുള്ളതെന്നും കനത്ത ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

അതേസമയം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയുണ്ട്. എന്നാല്‍, ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. മഴയ്ക്കൊപ്പം 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ ലഭിച്ചിരുന്നു.