ചോദ്യമില്ലാതെ ഭരണപക്ഷ എം.എൽ.എമാർ  നിയമസഭയിൽ നാടകീയ രംഗം

Wednesday 19 March 2025 12:11 AM IST

തിരുവനന്തപുരം: മന്ത്രി പി. രാജീവ് മറുപടി പറയേണ്ട വിഷയത്തിൽ ചോദ്യമുന്നയിക്കാൻ അവസരമുണ്ടായിരുന്ന ഭരണപക്ഷ എം.എൽ.എമാർ നിയമസഭയിലെത്തിയില്ല. സച്ചിൻദേവ്, സി.കെ. ആശ എന്നിവരാണ് ചോദ്യോത്തരവേളയിൽ സഭയിലെത്താതിരുന്നത്. ക്ഷണിച്ച സ്‌പീക്കർ അമ്പരന്നു. ഇതേത്തുടർന്ന്

ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി ലഭിച്ചിരുന്ന ഭരണപക്ഷ എം.എൽ.എമാരായ കെ. ബാബു, എം. വിജിൻ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ. ചന്ദ്രശേഖരൻ, ഇ.ടി. ടൈസൺ, വാഴൂർ സോമൻ എന്നിവർക്കും അവസരം നഷ്ടമായി.

രണ്ട് ചോദ്യങ്ങൾക്കും ആളില്ലാതായതോടെ മൂന്നാമതായി എ.സി. മൊയ്തീനെ ക്ഷണിച്ചു. എന്നാൽ തനിക്ക് ചോദിക്കാൻ ഒന്നുമില്ലെന്നായിരുന്നു മറുപടി. ഇത് കൂട്ടച്ചിരി ഉയർത്തി. അമളി മനസിലാക്കിയ മൊയ്തീൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയം ഭരണാധികാരം നൽകുന്നതിലെ നേട്ടം സംബന്ധിച്ച ചോദ്യമുന്നയിച്ച് തടിതപ്പി.

കണ്ണൂരിൽ ജി.എസ്.ടി ഭവനും വകുപ്പിന് വാഹനവും ആവശ്യപ്പെട്ട ടി.ഐ. മധുസൂദനന്റെ ചോദ്യവും സഭയെ ചിരിപ്പിച്ചു. മധുസൂദനന്റെ ഭാര്യ ജി.എസ്.ടി കമ്മിഷണറാണെന്നും ഏതായാലും കാർ കൊടുക്കണമെന്നുമുള്ള സ്പീക്കറുടെ കമന്റാണ് ചിരി പടർത്തിയത്.