വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്: വീ​ട്ടിലേക്ക് മാറാമെന്ന് ​തേ​ജ​സ്, വി​വാ​ഹം​ ​വേ​ണ്ടെ​ന്നു​വ​ച്ച് ​ഫ്ലോ​റി

Wednesday 19 March 2025 1:59 AM IST

കൊല്ലം: കൊല്ലം ഉളിയക്കോവിൽ സ്വദേശി സെബിൻ ജോർജ് ഗോമസിനെ വീട്ടിൽ കുത്തിക്കൊന്നശേഷം ചവറ നീണ്ടകര സ്വദേശിയായ തേജസ് രാജു ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. സെബിന്റെ സഹോദരി ഫ്ളോറി​, കോഴി​ക്കോട്ട് സ്വകാര്യ ബാങ്കി​ലെ ജീവനക്കാരി​യാണ്. വീടെടുത്ത് താമസി​ക്കണമെന്ന തേജസി​ന്റെ ആവശ്യം ഫ്ളോറി​ തള്ളി​. തുടർന്നാണ് വി​വാഹാലോചനയി​ൽ നി​ന്ന് ഫ്ളോറി​ പി​ൻമാറിയത്. ഇതാണ് തേജസിന്റെ വൈര്യാഗ്യത്തിന് കാരണമെന്നാണ് അറിയുന്നത്.

ഫ്ലോറിയും തേജസ് രാജുവും നഗരത്തിലെ സ്കൂളിൽ പ്ലസ് ടുവിന് ഒരുമിച്ചാണ് പഠിച്ചതെന്ന് സെബിന്റെ മാതാവ് ഡെയ്സി പൊലീസിനോട് പറഞ്ഞു. ബാങ്ക് ടെസ്റ്റിനുള്ള കോച്ചിംഗും ഒരുമിച്ചായിരുന്നു. പിന്നീട് തേജസിന്റെ വിവാഹാലോചനയുമായി പിതാവും ഡി.സി.ആർ.ബി ഗ്രേഡ് എസ്.ഐയുമായ രാജു വീട്ടിൽ വന്നു. രണ്ട് പേർക്കും ജോലി ലഭിച്ച ശേഷം വിവാഹം നടത്താൻ ധാരണയായി. കഴിഞ്ഞ മേയിൽ ഫ്ലോറിക്ക് സ്വകാര്യ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിൽ ജോലി ലഭിച്ചു. ഇതിനിടയിൽ തേജസ് ഫ്ലോറിയും തമ്മിൽ പ്രശ്നമായി. വിവാഹത്തിൽ നിന്ന് പിന്മാറുന്ന കാര്യം തേജസിന്റെ അച്ഛനോട് ഫ്ലോറി പറഞ്ഞിരുന്നു. ഈ മാസം ഒമ്പതിന് മറ്റൊരാളുമായി​ ഫ്ളോറി​യുടെ വി​വാഹം ഉറപ്പി​ച്ചി​രുന്നെന്നും ഡെയ്സി​​ മൊഴി​ നൽകി​.

തിങ്കളാഴ്ച സന്ധ്യയ്ക്ക് 6.45നാണ് തേജസ് കാറിൽ ഉളിയക്കോവിലിലെ വീട്ടിലെത്തി സെബിൻ ജോർജ് ഗോമസിനെ കുത്തിക്കൊന്നത്. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിന്റെ കൈയിലും കുത്തി. പെട്രോളൊഴിച്ച് വീട് കത്തിക്കാനായിരുന്നു പദ്ധതിയെന്ന് കരുതുന്നു. പെട്രോൾ ഒഴിച്ചതിന് പിന്നാലെയുണ്ടായ പിടിവലിക്കിടെ ഡൈനിംഗ് ടേബിളിലിരുന്ന കത്തിയെടുത്താണ് സെബിനെയും പിതാവിനെയും കുത്തിയത്. തുടർന്ന് കാറിൽ രക്ഷപ്പെട്ട തേജസ് ഏഴരയോടെ കടപ്പാക്കട ചെമ്മാംമുക്ക് ആർ.ഒ.ബിക്ക് താഴെയെത്തി ട്രെയിനിന് മുന്നിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കൈയി​ൽ ഗുരുതരമായി പരിക്കേറ്റ ജോർജ് ഗോമസ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തേജസ് രാജുവിന്റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ നീണ്ടകരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ ഉളിയക്കോവിലിലെ വീട്ടിലെത്തിച്ച സെബിൻ ജോർജ് ഗോമസിന്റെ മൃതദേഹം മൊബൈൽ മോർച്ചറിയിലാണ്. ഇന്ന് രാവിലെ 11.30ന് ആശ്രാമം ഹോളി ഫാമിലി ചർച്ചിൽ സംസ്കാരം നടക്കും.

 തേജസിന്റെ സുഹൃത്തും സംശയനിഴലിൽ

രണ്ടാഴ്ച മുമ്പ് തേജസ് രാജുവിന്റെ സുഹൃത്തായ യുവാവ് ഫ്ലോറിക്ക് ഫോണിൽ സന്ദേശമയച്ച് വീട്ടിലുണ്ടോയെന്ന് അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. തേസജസ് രാജു ആവശ്യപ്പെട്ടത് പ്രകാരമാകാം യുവാവ് സന്ദേശമയച്ചതെന്നാണ് പൊലീസിന്റെ സംശയം. ഈ യുവാവിനെ വൈകാതെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.