സഞ്ജുവിന്റെ സൈന്യം സജ്ജം

Tuesday 18 March 2025 11:15 PM IST

ഐ.പി.എൽ 18-ാം സീസൺ മൂന്ന് ദിവസം കൂടി

പരിശീലന ക്യാമ്പിലേക്ക് സഞ്ജുവുമെത്തി, രാജസ്ഥാൻ റോയൽസിന്റെ പടയൊരുങ്ങുന്നു

ഒരു മാസം മുമ്പ് വിരലിലേറ്റ പരിക്കിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം നായകൻ സഞ്ജു സാംസണും കൂടി എത്തിച്ചേർന്നതോടെ രാജസ്ഥാൻ റോയൽസ് ടീമിന്റെ തയ്യാറെടുപ്പ് ഉഷാറായി. ശസ്ത്രക്രിയ കഴിഞ്ഞ് ബെംഗളുരു സെന്റർ ഒഫ് എക്സലൻസിൽ റിഹാബിലിറ്റേഷനിലായിരുന്ന സഞ്ജു ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ വിക്കറ്റ് കീപ്പിംഗ് ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് അറിയുന്നത്. ധ്രുവ് ജുറേലാകും വിക്കറ്റ് കീപ്പറായി ഇറങ്ങുക. നായകനെപ്പോലെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും പരിക്കുമായാണ് പരിശീലന ക്യാമ്പിലുള്ളത്. ബെംഗളുരുവിൽ ക്ളബ് ക്രിക്കറ്റ് മത്സരത്തിനിടെ കാലിന് പരിക്കേറ്റ ദ്രാവിഡ് ക്രച്ചസിന്റെ സഹായത്താലാണ് ക്യാമ്പിലെത്തിയത്.

സഞ്ജുവിന്റെ

അഞ്ചാം സീസൺ

ഇതിഹാസതാരം ഷേൻ വാണിന് കീഴിൽ ഐ.പി.എല്ലിലെ ആദ്യ സീസണിൽ ചാമ്പ്യന്മാരായ ടീമാണ് രാജസ്ഥാൻ റോയൽസ്. പിന്നീട് ഇതുവരെ ഒരു തവണപോലും കിരീ‌ടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും മികച്ച താരങ്ങൾ അണിനിരക്കുന്ന സംഘമാണിത്. മലയാളി താരമായ സഞ്ജു സാംസണാണ് 2021 മുതൽ ടീമിന്റെ നായകൻ. സഞ്ജു നായകനായി ഇറങ്ങുന്ന അഞ്ചാമത്തെ സീസണാണിത്.കഴിഞ്ഞ സീസണിൽ ഉൾപ്പെടെ രണ്ട് തവണ ടീമിനെ പ്ളേഓഫിൽ എത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു.കഴിഞ്ഞ സീസണിൽ രണ്ടാം ക്വാളിഫയറിൽ സൺറസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് പുറത്തായത്.

ബട്ട്‌ലർ ഇല്ലാതെ

കഴിഞ്ഞ സീസണുകളിലെല്ലാം ടീമിന്റെ ആണിക്കല്ലായ ഇംഗ്ളീഷ് ഓപ്പണർ ജോസ് ബട്ട്‌ലറെ ഒഴിവാക്കിയാണ് രാജസ്ഥാൻ ഇക്കുറി അങ്കത്തിനിറങ്ങുന്നത്. രാജസ്ഥാൻ ഒഴിവാക്കിയതോടെയാണ്‌ താരലേലത്തിൽ ഗുജറാത്ത് ടൈറ്റാൻസ് ബട്‌ലറെ സ്വന്തമാക്കിയത്. 2018 മുതൽ 2024 വരെയാണ് ജോസ് ബട്‌ലർ രാജസ്ഥാൻ റോയൽസിനായി കളിച്ചത്. ഈ കാലത്ത് ടീമിനായി ഏറ്റവുമധികം റൺസ് സ്‌കോർ ചെയ്ത താരമായിരുന്നു ബട്‌ലർ. 83 മത്സരങ്ങളിൽ നിന്നായി 41.84 ശരാശരിയിൽ 3055 റൺസെടുത്തു.

മികച്ച താരനിര

മികച്ച ഫോമിലുള്ള ദേശീയ - അന്തർദേശീയ താരങ്ങളാണ് രാജസ്ഥാൻ റോയൽസിന്റെ കരുത്ത്. ബാറ്റിംഗിൽ സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ,റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മേയർ,ധ്രുവ് ജുറേൽ,നിതീഷ് റാണ തുടങ്ങിയവർ അണിനിരക്കും. മികച്ച ബൗളിംഗ് നിരയാണ് ഇത്തവണത്തേത്. ജൊഫ്ര ആർച്ചർ,വാനിന്ദു ഹസരംഗ,മഹീഷ് തീഷ്ണ,സന്ദീപ് ശർമ്മ, ഫസൽഹഖ് ഫറൂഖി തുടങ്ങിയവരാണ് പന്തെറിയാനുള്ളത്.

വെടിക്കെട്ടിന് തിരി

കൊളുത്താൻ 13കാരൻ

ഐ.പി.എൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ 13കാരൻ വൈഭവ് സൂര്യവംശിയാണ് ഇക്കുറി റോയൽസിലെ സ്റ്റാർ അട്രാക്ഷൻ . ബീഹാർ സ്വദേശിയായ വൈഭവിനെ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില. ഒക്ടോബറിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി സെഞ്ചറി നേടിയാണ് വൈഭവ് വരവറിയിച്ചത്. അന്താരാഷ്ട്ര തലത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് അന്ന് വൈഭവ് കുറിച്ചിരുന്നു. 13 വയസും 188 ദിവസവുമായിരുന്നു അന്ന് വൈഭവിന് പ്രായം.

ആദ്യ മത്സരം

മാർച്ച് 23

Vs സൺറൈസേഴ്സ് ഹൈദരാബാദ്

രാജസ്ഥാൻ റോയൽസ് സ്ക്വാഡ്

സഞ്ജു സാംസൺ (ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ,റിയാൻ പരാഗ് ,ധ്രുവ് ജുറേൽ,ഷിമ്രോൺ ഹെറ്റ്മേയർ,സന്ദീപ് ശർമ്മ, ജൊഫ്ര ആർച്ചർ,വാനിന്ദു ഹസരംഗ,തുഷാർ ദേശ്പാണ്ഡേ,മഹീഷ് തീഷ്ണ,നിതീഷ് റാണ,ഫസൽഹഖ് ഫറൂഖി, മഫാക്ക, ആകാശ് മധ്‌വാൾ, വൈഭവ് സൂര്യവംശി,ശുഭംദുബെ,യുദ്ധ്‌വീർ സിംഗ്,കുമാർ കാർത്തികേയ,അശോക് ശർമ്മ, കുനാൽ റാത്തോഡ്.