പാകിസ്ഥാൻ പിന്നെയും പടമായി
രണ്ടാം ട്വന്റി-20യിലും ന്യൂസിലാൻഡിന് വിജയം
ഡുനെഡിൻ : ന്യൂസിലാൻഡ് പര്യടനത്തിലെ രണ്ടാം ട്വന്റി-20യിലും തോറ്റ് പാകിസ്ഥാൻ. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ന്യൂസിലാൻഡ് 2-0ത്തിന് മുന്നിലെത്തി. ഡുനെഡിനിൽ നടന്ന മത്സരം മഴമൂലം 15 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 135/9 എന്ന സ്കോർ ഉയർത്തിയപ്പോൾ ന്യൂസിലാൻഡ് 13.1 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
28 പന്തുകളിൽ 46 റൺസ് നേടിയ നായകൻ സൽമാൻ ആഗയുടെയും ഷദാബ് ഖാന്റേയും (14 പന്തുകളിൽ 26), ജഹാൻദാദ് ഖാന്റേയും (14 പന്തുകളിൽ 22) പോരാട്ടമാണ് പാകിസ്ഥാനെ 135ലെത്തിച്ചത്. എന്നാൽ കിവീസ് ഓപ്പണർമാരായ ടിം സീഫർട്ടും (22 പന്തുകളിൽ 45) ഫിൻ അല്ലെനും (16 പന്തുകളിൽ 38 റൺസ്) ചേർന്ന് 28 പന്തുകളിൽ 66 റൺസ് അടിച്ചപ്പോഴേ കളിയുടെ കാര്യത്തിൽ തീരുമാനമായിരുന്നു. ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിൽ നാലു സിക്സുകൾ അടക്കം 26 റൺസാണ് സീഫർട്ട് നേടിയത്. സീഫർട്ട് ആകെ മൂന്നു ഫോറും അഞ്ച് സിക്സുകളും പായിച്ചപ്പോൾ അല്ലെൻ ഒരു ഫോറും അഞ്ച് സിക്സും പറത്തി. ഇരുവരും പുറത്തായശേഷം മിച്ചൽ ഹേ (21), ഡാരിൽ മിച്ചൽ (14) എന്നിവരുടെ പോരാട്ടം കിവീസിനെ വിജയത്തിലെത്തിച്ചു.
സീഫർട്ടാണ് മാൻ ഒഫ് ദ മാച്ച്. മൂന്നാം മത്സരം വെള്ളിയാഴ്ച നടക്കും.