ഉത്തേജകം : അർച്ചന യാദവിന് നാലുകൊല്ലം വിലക്ക്

Tuesday 18 March 2025 11:24 PM IST

ന്യൂഡൽഹി : ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ അത്‌ലറ്റ് അർച്ചന യാദവിനെ ലോക അത്‌ലറ്റിക്സ് സംഘടനയുടെ ഇന്റഗ്രിറ്റി യൂണിറ്റ് നാലുവർഷത്തേക്ക് വിലക്കി. 2024 ഡിസംബറിൽ നടന്ന പൂനെ ഹാഫ് മാരത്തോണിനിടയിൽ നടത്തിയ പരിശോധനയിലാണ് അർച്ചനയുടെ സാമ്പിളിൽ നിരോധിത മരുന്നായ ഒക്സാൻഡ്രോലോണിന്റെ അംശം കണ്ടെത്തിയത്. എ സാമ്പിൾ പരിശോധനയുടെ ഫലം അർച്ചനയെ അറിയിച്ചിരുന്നതായും എന്നാൽ ബി സാമ്പിൾ പരിശോധനയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ താരം വിമുഖത കാട്ടിയതായും ഇന്റഗ്രിറ്റി യൂണിറ്റ് അറിയിച്ചു. പിന്നീട് തെറ്റുസമ്മതിച്ചുകൊണ്ടുള്ള അർച്ചനയുടെ ഈ മെയിൽ ലഭിച്ചതായും ഇതിനെത്തുടർന്നാണ് വിലക്ക് വിധിച്ചതെന്നും അധികൃതർ അറിയിച്ചു.