കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി : നെഞ്ചിടിപ്പോടെ മണിക്കൂറുകൾ

Wednesday 19 March 2025 12:32 AM IST

പത്തനംതിട്ട : മെയിലിൽ എത്തിയ വ്യാജ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് കളക്ടറേറ്റിലെ ജീവനക്കാരും പൊതുജനങ്ങളും പരിഭ്രാന്തിയുടെ മുൾമുനയിൽ നിമിഷങ്ങൾ തള്ളിനീക്കിയ ദിവസമായിരുന്നു ഇന്നലെ. രാവിലെ ജോലിക്ക് കയറിയ ജീവനക്കാരോട് പെട്ടന്ന് പുറത്തിറങ്ങാൻ മേലുദ്യോഗസ്ഥരും പൊലീസും ആവശ്യപ്പെട്ടതോടെ ബോംബ് ഭീഷണിയുടെ വിവരം പുറത്തറിഞ്ഞു. മണിക്കൂറകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇന്നലെ രാവിലെ 6.48ന് ജില്ലാ കളക്ടർക്ക് ഇ മെയിലായാണ് ഭീഷണി സന്ദേശമെത്തിയത്. 9.45ന് കളക്ടറുടെ ഇ മെയിൽ പരിശോധിച്ച ഓഫീസ് അറ്റൻഡൻഡ് കെ.വിനിൽ കുമാറാണ് ഭീഷണി സന്ദേശം കണ്ടത്. ആസിഫ ഗഫൂർ എന്ന മെയിലിൽ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം എത്തിയത്. സന്ദേശത്തിന്റെ അവസാനം ആസിഫ് ഗഫൂർ എന്നാണ് പേര് വച്ചിരിക്കുന്നത്.

മെയിൽ കണ്ടയുടനെ കളക്ടറുടെ ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യുവിനെ വിവരമറിയിച്ചു. കളക്ടറേറ്റിലെ മറ്റ് ഓഫീസുകളിലേക്കും മെയിൽ കൈമാറി. പൊലീസിനെയും വിവരം അറിയിച്ചു.

കളക്ടറേറ്റിൽ ആർ.ഡി.എക്സ് പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. 2001ലെ പാർലമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഓർമ്മയ്ക്കായാണ് സ്ഫോടനെമന്ന് ഒരു പേജിലേറെ നീണ്ട കത്തിൽ പറയുന്നു. പത്തരയോടെ പൊലീസിന്റെ ഡോഗ് സ്ക്വാഡ് എത്തി കളക്ടറുടെ ചേംബറിലും തൊട്ടടുത്ത ഓഫീസുകളിലും പരിശോധന നടത്തി. ബോംബ് സ്ക്വാഡും പിന്നാലെയെത്തി. മുൻകരുതലിന്റെ ഭാഗമായി കളക്ടറേറ്റിലെ അറുനൂറോളം ജീവനക്കാരെയും അമ്പതോളം പൊതുജനങ്ങളെയും പുറത്തിറക്കി. നാല് നിലയിലും പരിശോധന തുടർന്നു. ഏതാനും ജീവനക്കാരുടെ ബാഗും പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. 2.30 ഓടെ പരിശോധന പൂർത്തിയാക്കി. നാല് മണിക്കൂർ കളക്ടറേറ്റിലെ ജോലി തടസപ്പെട്ടു. എ.ഡി.എം ബി.ജ്യോതി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി എന്നിവർ കളക്ടറേറ്റിലുണ്ടായിരുന്നു. സിവിൽ സർവീസ് ടെയിനിംഗിൽ ക്ലാസെടുക്കുന്നതിന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഗോവയിലാണ്.

സീഗോയെത്തി, ഒന്നും കണ്ടില്ല

പത്തനംതിട്ട പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ സീഗോ എന്ന നായയാണ് ബോംബ് പരിശോധനയ്ക്കെത്തിയത്. കളക്ടറേറ്റിലെ താഴത്തെ നില മുതൽ നാലാം നില വരെയുള്ള ഓഫീസുകളിൽ എല്ലാം കയറി മണത്തുനോക്കി. പിന്നാലെ പൊലീസിന്റെ ബോംബ് സ്ക്വാഡ് ആധുനിക സംവിധാനങ്ങളുമായി എത്തി. പത്തനംതിട്ട സി.ഐ ആർ.വി.അരുൺകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച്, സൈബർ സെൽ വിഭാഗങ്ങൾ ഉദ്യോഗസ്ഥരിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ശിരസ്തദാർ നൽകിയ പരാതിപ്രകാരമാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.

വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്

ബോംബ് ഭീഷണി പൊലീസിന്റെ എല്ലാ വിഭാഗങ്ങളും ചേർന്ന് അന്വേഷിക്കും. സൈബർ സെല്ലിന്റെ സഹായത്തോടെ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുകയെന്നതാണ് പ്രധാനം.

ആർ.വി.അരുൺകുമാർ,

പത്തനംതിട്ട സി.ഐ

600 ജീവനക്കാരെയും പൊതുജനങ്ങളെയും ഒഴിപ്പിച്ചു,

നാലര മണിക്കൂർ ജോലി മുടങ്ങി,

ആസിഫ ഗഫൂർ ?

കളക്ടറേറ്റിൽ ആർ.ഡി.എക്സ് പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം.

സന്ദേശം എത്തിയത് ആസിഫ ഗഫൂർ എന്ന മെയിൽ െഎഡിയിൽ നിന്ന്.