കുട്ടിക്കുറ്റവാളികളിൽ 80 ശതമാനവും തകർന്ന കുടുംബത്തിലുള്ളവർ
- ലഹരി ഉപയോഗവും വില്ലൻ
കോഴിക്കോട്: ലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാരെ രക്ഷിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ സമൂഹത്തിന് ബാദ്ധ്യതയുണ്ടെന്ന് പാനൽ ചർച്ച. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന കുട്ടികളിൽ 80 ശതമാനവും തകർന്ന കുടുംബത്തിൽ നിന്നുള്ളവരാണ്.
സി.ഐ.സി.എസ്. കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ എക്സെെസ് വകുപ്പുമായി ചേർന്ന് കൗമാരക്കാരുടെ സംഘർഷങ്ങളെപ്പറ്റി നടത്തിയ ചർച്ചയിലാണ് വിദഗ്ദ്ധർ വിവരങ്ങളും അഭിപ്രായവും പങ്കുവച്ചത്. ലഹരി കേസുകളിൽ പത്തു മുതൽ ഇരുപത് വർഷം വരെ തടവ് ലഭിക്കാമെന്ന് അസി.എക്സെെസ് കമ്മിഷണർ ആർ.എൻ. ബെെജു പറഞ്ഞു. എം.ഡി.എം.എ ഉപയോഗിക്കാൻ കൂടുതൽ പണം വേണം. അതുകൊണ്ടാണ് പലരും വിൽപ്പനക്കാരാകുന്നത്.
കൗമാരക്കാലത്ത് പെട്ടെന്ന് തുടങ്ങുന്ന പ്രശ്നമല്ല കുട്ടികളുടേതെന്നും കുടുംബ പശ്ചാത്തലത്തിന് പ്രാധാന്യമുണ്ടെന്നും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. സി.ശിശിര പറഞ്ഞു. മൂന്നിലൊരാൾക്ക് മാനസിക സമ്മർദ്ദവും അഞ്ചിലൊരാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പഠനമെന്നും പറഞ്ഞു. രക്ഷിതാക്കൾ കുട്ടികൾ ആഗ്രഹിക്കുന്ന തരത്തിലാകാൻ കുറെയെങ്കിലും ശ്രമിക്കണമെന്നും കാലിക്കറ്റ് യൂണി. എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. സി.എം.ബിന്ദു പറഞ്ഞു. അക്കാഡമിക, നിയമ, വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് കുട്ടികളെ ലഹരി മുക്തരാക്കുന്നതിൽ വലിയ പങ്കു വഹിക്കാനാകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ മുൻ ആക്ടിംഗ് ചെയർമാ അഡ്വ. നസീർ ചാലിയം പറഞ്ഞു.
ഡോ.എൻ.പി. ഹാഫിസ് മുഹമ്മദ് മോഡറേറ്ററായി. മാനേജർ പ്രൊഫ. എം. മുഹമ്മദ് ബഷീർ, പ്രിൻസിപ്പൽ ഡോ. ഷെെലജ സി.വി, പ്രൊഫ. രാഖി എൻ, ഡോ. ഷാബിൽ ബിൻ ഉമ്മർ, ഡോ. മാത്യു ജോസഫ്, ഹരിത ടി.കെ, ധനുശ്രീ എൻ, മുഹമ്മദ് ദിൽബാർ, എന്നിവർ പ്രസംഗിച്ചു.