കെട്ടിട നമ്പർ തട്ടിപ്പ് കേസിന് 'കെട്ടിടാൻ' കോർപ്പറേഷൻ വൈകേണ്ട കുറ്റപത്രം

Wednesday 19 March 2025 12:02 AM IST
കോർപ്പറേഷൻ

കോഴിക്കോട്: കോർപ്പറേഷൻ റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ യൂസർ ഐ.ഡിയും പാസ്‌വേഡും ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി കോർപ്പറേഷൻ. കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം നിർദ്ദേശിച്ചു.

കേസ് അന്വേഷിക്കുന്ന വിജിലൻസ് വ്യാജ നമ്പറുകൾ റദ്ദ് ചെയ്ത് അനധികൃത നിർമാണങ്ങൾക്കെല്ലാം നികുതി ചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്. കെട്ടിട ഉടമകൾ ഇതിനെതിരേ ട്രിബ്യൂണലിനെ സമീപിക്കുകയും സ്‌റ്റേ വാങ്ങുകയും ചെയ്തതോടെ ഉടമകൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയാണ്. 2018ൽ തട്ടിപ്പ് പുറത്തായതോടെ കോർപ്പറേഷൻ വകുപ്പുതല അന്വേഷണം നടത്തി റവന്യൂവിഭാഗം ക്ലർക്കുമാരായ രണ്ടു പേരെ സസ്പെൻഡ് ചെയ്തു. ഇതിനെതിരെ ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ കോർപ്പറേഷൻ നടപടി ക്രമങ്ങളിൽ പോരായ്മ ചൂണ്ടിക്കാട്ടി സസ്പൻഷൻ റദ്ദ് ചെയ്തു. ഇതിനെതിരേ കോർപ്പറേഷൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കോടതി രണ്ട് വർഷം സസ്പൻഷനിൽ തുടരുന്നതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു.

രണ്ട് പൊലീസ്

സ്റ്റേഷനുകളിൽ

17 കേസുകൾ

വ്യാജ രേഖ നിർമ്മിച്ച് കെട്ടിട നമ്പർ നൽകിയതിൽ ടൗൺ സ്‌റ്റേഷനിൽ 12 കേസുകളും ഫറോക്ക് സ്‌റ്റേഷനിൽ അഞ്ചു കേസുകളുമാണുള്ളത്. കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചു. തുടരന്വേഷണം വിജിലൻസിന് കൈമാറിയതോടെ ജീവനക്കാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. സർവീസിൽ തിരിച്ചെടുക്കുമ്പോൾ അന്വേഷണം പൂർത്തീകരിക്കുംവരെ ജില്ലക്കകത്ത് പ്രവേശിപ്പിക്കരുതെന്ന് വ്യക്തമാക്കി കഴിഞ്ഞ വർഷം മാർച്ചിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. എന്നാൽ കോഴിക്കോട് കോർപ്പറേഷനിൽ തന്നെ ഇവരെ നിയമിക്കുകയായിരുന്നു.

വ്യാജ നമ്പർ ലഭിച്ചതായി

കണ്ടെത്തി കെട്ടിടങ്ങൾ

202

 ബീച്ചിലെ ലോറി പാർക്കിംഗ്

പദ്ധതിയൊരുങ്ങുന്നു

നഗരത്തിലെ ലോറി പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരമാകുന്നു. മാരിടൈം ബോർഡിന്റെ സഹകരണത്തോടെ ബീച്ചിൽ പദ്ധതി നടപ്പാക്കാൻ കോർപ്പറേഷൻ കൗൺസിലിൽ അംഗീകാരം. മാരിടൈം ബോർഡിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് സ്വകാര്യ പങ്കാളിത്തത്തോടെ ലോറി പാർക്കിംഗ് സൗകര്യം ഒരുക്കുക. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാറ്റാൻ കച്ചവടക്കാരുമായി ചർച്ച ചെയ്യും. കഴിഞ്ഞ 12 ന് കേരള മാരിടൈം ബോർഡുമായി കോർപ്പറേഷൻ യോഗം ചേർന്നിരുന്നു. നേരത്തെ ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം ഒരുക്കുന്ന പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പിലായിരുന്നില്ല. പാർക്കിംഗ് ആശങ്കകൾ പരിഹരിക്കാൻ സ‌വകക്ഷി യോഗം ചേരും. വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ ശേഷം തുല്യമായി തുക മുടക്കിയാവും പദ്ധതി നടപ്പാക്കുക.

'ആശ'യിൽ ബഹളം

ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ കൗൺസിലർ സുജാത കൂടത്തിങ്കൽ കൊണ്ടുവന്ന പ്രമേയം കൗൺസിൽ യോഗത്തിൽ ബഹളത്തിന് ഇടയാക്കി. ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കാനോ നൽകേണ്ടതായ വേതനം ഉറപ്പുവരുത്താനോ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ലെന്ന പരാമ‌ർശമാണ് ബഹളത്തിന് ഇടയാക്കിയത്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ പലപ്പോഴും വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്ന സമീപനമാണ് കേരള സർക്കാരിന്റെതെന്ന് ബി.ജെ.പി കൗൺസിലർ എൻ. ശിവപ്രസാദ് പറഞ്ഞു. ആവശ്യങ്ങൾ സംസ്ഥാന സർക്കാറിനോട്‌ കൂടി ആവശ്യപ്പെടണമെന്ന തരത്തിൽ പ്രമേയം ഭേദഗതി ചെയ്യണമെന്ന് യു.ഡി.എഫ് കൗൺസിലർ മൊയ്തീൻ കോയ ആവശ്യപ്പെട്ടു. ഭേദഗതി അംഗീകരിക്കാൻ ഭരണപക്ഷം തയ്യാറായില്ല. ഇതോടെ പ്രതിപക്ഷം കൗൺസിൽ നിന്ന് ഇറങ്ങിപോയി. തുടർന്ന് വോട്ടിനിട്ട് പ്രമേയം പാസാക്കി.