പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഈ കാരണത്താല്‍; കൂടുതല്‍ മരണങ്ങള്‍ നാല് തരം പാമ്പുകളുടെ കടിയേറ്റാല്‍

Wednesday 19 March 2025 1:02 AM IST

പാലക്കാട്: വേനല്‍ കടുത്തതോടെ ഇഴജന്തുക്കളുടെ എണ്ണത്തിലും വര്‍ദ്ധന വന്നിട്ടുണ്ട്. തണുപ്പ് തേടി കുഴികളില്‍ നിന്ന് പുറത്തുവന്ന് വീടുകള്‍ക്കുള്ളിലും പരിസരങ്ങളിലുമെല്ലാം പാമ്പുകള്‍ എത്തുന്ന സാഹചര്യവുമുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തെ ചവറുകള്‍ക്ക് തീയിടുമ്പോളും പാമ്പുകള്‍ പുറത്തു വരും. സൈക്കിള്‍, ബൈക്ക്, ഷൂ എന്നിവിടങ്ങളിലും, വീടിന്റെ പുറത്ത് ഉപയോഗിക്കാതെ ഇടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലും പാമ്പുകള്‍ കയറിക്കൂടും.

പ്രധാനമായും വിഷമുള്ള നാല് തരം പാമ്പുകളുടെ കടിയേറ്റാണ് കൂടുതലും മരണം സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ പാമ്പുകളെ ബിഗ് ഫോര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മൂര്‍ഖന്‍, ശംഖുവരയന്‍, അണലി/ചേനത്തണ്ടന്‍, ചുരുട്ടമണ്ഡലി എന്നിവയാണ് ബിഗ് ഫോര്‍. പാമ്പ് കടിയേറ്റുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് വനംവകുപ്പ് 'സര്‍പ്പ' മൊബൈല്‍ ആപ്ലിക്കേഷന്‍ (സ്നേക്ക് അവയര്‍നസ് റെസ്‌ക്യു ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്പ്) പുറത്തിറക്കിയത്. പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രം പകര്‍ത്തി ആപ്പില്‍ അപ്പ് ലോഡ് ചെയ്താല്‍ പരിശീലനം ലഭിച്ച ടീമിന് സന്ദേശം എത്തുകയും ജി.പി.എസ് സഹായത്തോടെ കൃത്യമായ സ്ഥലം കണ്ടെത്തുകയും ചെയ്യും. സന്ദേശം വന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പരിശോധിച്ച് റെസ്‌ക്യൂവര്‍ സ്ഥലത്തെത്തും. പാമ്പിനെ പിടികൂടുന്നത് മുതല്‍ വിട്ടയയ്ക്കുന്നതുവരെയുള്ള പ്രവര്‍ത്തനം ആപ്പിലൂടെ അറിയാന്‍ സാധിക്കും. പാമ്പുകളെ പിടികൂടി അവയുടെ ആവാസ വ്യവസ്ഥയില്‍ കൊണ്ടു പോയിടുന്നതിന് പരിശീലനം ലഭിച്ച ഒട്ടേറെ വോളണ്ടിയര്‍മാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മൊത്തം 280 വോളണ്ടിയര്‍മാരാണുള്ളത്.


പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

* ഭയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഭയപ്പെടുന്നതും ഓടാന്‍ ശ്രമിക്കുന്നതുമൊക്കെ ഹൃദയമിടിപ്പും രക്തയോട്ടവും വര്‍ധിപ്പിക്കും. അതുമൂലം വിഷം അതിവേഗം ശരീരത്തില്‍ പടരും.
* പാമ്പുകടിയേറ്റ ശരീരഭാഗത്ത് ചെറിയ മരക്കഷണമോ/സ്പ്ലിന്റോ വച്ചുകെട്ടി സപ്പോര്‍ട്ട് ചെയ്യുക.
* കടിയേറ്റ ഭാഗത്ത് ഒരു വിരല്‍ കടത്താവുന്നത്ര അയവില്‍ ബാന്റേജ് വച്ചുകെട്ടുക
* കടിയേറ്റ വ്യക്തിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുക.
* കടിയേറ്റ വ്യക്തിയില്‍ പ്രകടമായ മാറ്റങ്ങള്‍ ഡോക്ടറോട് വിശദീകരിക്കുക


വിഷമുള്ളതും അല്ലാത്തതുമായ എല്ലാ പാമ്പുകളെ കുറിച്ചുള്ള പൊതു വിവരങ്ങളും, ആന്റിവെനം ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രികളും അവയുടെ ഫോണ്‍ നമ്പറുകളും സര്‍പ്പ ആപ്പില്‍ ലഭ്യമാണ്. (അസി. ഫോറെസ്റ്റ് കണ്‍സെര്‍വേറ്റര്‍ മുഹമ്മദ് അന്‍വര്‍)