വെള്ളമെത്തിക്കാനായില്ല : പ്രയോജനമില്ലാതെ ആദിവാസി ഊരിലെ ശൗചാലയങ്ങൾ

Wednesday 19 March 2025 1:43 AM IST

എടക്കര : പോത്തുകല്ല് മുണ്ടേരി തരിപ്പപ്പൊട്ടി ആദിവാസി ഊരിൽ ഒരു കൊല്ലം മുൻപ് സ്ഥാപിച്ച റെഡിമെയ്ഡ് ശൗചാലയങ്ങൾ പ്രയോജനമില്ലാതെ നശിക്കുന്നു. വെള്ളമെത്തിക്കാനുള്ള സംവിധാനമാകാത്തതിനാൽ ലക്ഷങ്ങൾ മുടക്കിയ സംവിധാനം നോക്കുകുത്തിയായി. അടിയന്തരമായി ഉപയോഗിക്കുന്നതിനായുള്ള എല്ലാ സംവിധാനവുമടങ്ങുന്ന മൂന്നെണ്ണമാണ് വെള്ളമെത്തിക്കാത്ത കാരണത്താൽ നശിക്കുന്നത്. 200 മീറ്ററിന് മുകളിൽ ബക്കറ്റിൽ വെള്ളവുമായെത്തിയാലെ ഇത് ഉപയോഗിക്കാനാവു. ആരും അതിന് മുതിരാറില്ല. മുപ്പതോളം കുടുംബങ്ങളിലായി നൂറിനടുത്ത് ആൾക്കാരാണ് ഊരിൽ ജീവിക്കുന്നത്. ഉപയോഗിക്കാൻ ആവുന്ന രണ്ട് ശൗചാലയങ്ങളേ ഊരിലുള്ളൂ.