വീട്ടമ്മ ജീവനൊടുക്കിയത് സുഹൃത്ത് വരുത്തിവച്ച ബാദ്ധ്യതയും പീഡനവും
കൊല്ലം: നാൽപ്പത്തിന്നാലുകാരിയായ വീട്ടമ്മ ജീവനൊടുക്കിയത് ഒപ്പം സ്ഥിരതാമസമാക്കിയ ആൺസുഹൃത്തിന്റെ നിരന്തര പീഡനവും കടബാദ്ധ്യതയും മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്. ചിന്നക്കടയിലെ വാണിജ്യ കേന്ദ്രത്തിൽ സംരംഭകയായിരുന്ന ചവറ സ്വദേശി രശ്മി ജീവനൊടുക്കിയത് സുഹൃത്ത് മരുത്തടി സ്വദേശിയായ ഗിരീഷിന്റെ ദുഷ്പ്രേരണ മൂലമാണെന്ന കണ്ടെത്തലിലാണ് കൊല്ലം വെസ്റ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഗിരീഷ് വെള്ളയിട്ടമ്പലത്തിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ ഞായറാഴ്ചയാണ് രശ്മിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സൗഹൃദം നടിച്ച് ഒപ്പം കൂടിയ ഗിരീഷ് മദ്യലഹരിയിൽ വീട്ടമ്മയെ മാനസികമായി പീഡിപ്പിക്കുകയും പൊതു ഇടങ്ങളിൽ അപമാനിക്കുകയും ചെയ്തത് കനത്ത മനാേവിഷമത്തിന് കാരണമായെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. വ്യക്തികളിൽ നിന്നും ബാങ്ക് വായ്പയായും വൻ തുക രശ്മിയെ കൊണ്ട് എടുപ്പിച്ച ശേഷം പണം ഗിരീഷ് കൈക്കലാക്കിയതിന്റെ ബാദ്ധ്യതകളും മനോവിഷമത്തിന് കാരണമായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.