പുത്തൂർ പബ്ലിക് ലൈബ്രറിയിൽ വായനാവസന്തം
Wednesday 19 March 2025 1:58 AM IST
പുത്തൂർ: വീട്ടിലേക്ക് ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന വായനാവസന്തം എന്ന പദ്ധതിക്ക് പുത്തൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ തുടക്കമായി. നൂറ് വീടുകളിൽ പുസ്തകം നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തേവലപ്പുറം കരുവായം ജയലക്ഷ്മി ഭവനാങ്കണത്തിലാണ് സംഘടിപ്പിച്ചത്. ലൈബ്രറി പ്രസിഡന്റ് ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം രാജൻ ബോധി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ ശശികുമാർ പുസ്തകവിതരണം നടത്തി. ലൈബ്രറി സെക്രട്ടറി മാറനാട് ശ്രീകുമാർ, പഞ്ചായത്തംഗം എ.സൂസമ്മ, ആറ്റുവാശ്ശേരി ബാലചന്ദ്രൻ, ജിനു കോശി, അനിൽകുമാർ പവിത്രേശ്വരം, ലൈബ്രറിയൻ കെ.കുമാരൻ എന്നിവർ സംസാരിച്ചു.