പാതിവിലയ്ക്ക് മദ്യം! അതും നമ്മുടെ സ്വന്തം ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന്

Wednesday 19 March 2025 6:42 PM IST

തിരുവനന്തപുരം: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും മലയാളികളില്‍ നല്ലൊരു പങ്കും ഇടയ്‌ക്കൊക്കെ ഒന്ന് മിനുങ്ങുന്നവരാണ്. മദ്യം കഴിക്കുന്നവരെ സംബന്ധിച്ച് ഒരു സന്തോഷ വാര്‍ത്തയാണ് പങ്കുവയ്ക്കുന്നത്. സ്റ്റോക് ക്ലിയറന്‍സിന്റെ ഭാഗമായി മദ്യം പകുതി വിലയ്ക്ക് വിറ്റഴിക്കുകയാണ്. ബ്രാന്‍ഡിയുടെ വിലയിലാണ് 50 ശതമാനം കിഴിവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാതിവിലയ്ക്ക് മദ്യം എന്ന് കേള്‍ക്കുമ്പോള്‍ തട്ടിപ്പാണെന്ന് കരുതേണ്ട. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ തന്നെയാണ് വില്‍പ്പന നടക്കുന്നത്.

ബ്ലൂ ഓഷ്യന്‍ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാന്‍ഡുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വില കുറച്ച് വില്‍പ്പന നടത്തുന്നത്. 1310 രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്ന ബ്രാന്‍ഡി 650 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതേസമയം, വില കുറച്ചുള്ള വില്‍പ്പന ഒരുതരത്തിലും സര്‍ക്കാരിനെയോ ബിവറേജസ് കോര്‍പ്പറേഷനേയോ ബാധിക്കില്ല. സര്‍ക്കാര്‍ നികുതിക്കോ, ബെവ്‌കോയ്ക്ക് ലഭിക്കുന്ന കമ്മീഷനിലോ ഒരു കുറവും വരില്ലെന്നതാണ് സുപ്രധാനമായ മറ്റൊരു കാര്യം.

വിലയില്‍ വരുന്ന കുറവിന്റെ മുഴുവന്‍ ബാദ്ധ്യതയും കമ്പനി തന്നെയാകും വഹിക്കുക. ചില ബ്രാന്‍ഡുകള്‍ ഇനി മുതല്‍ വിപണിയില്‍ വില്‍ക്കേണ്ടതില്ലെന്ന കമ്പനി തീരുമാനം നടപ്പിലാക്കുമ്പോള്‍ അത് സര്‍ക്കാരിനോ ബിവറേജസ് കോര്‍പ്പറേഷനോ നഷ്ടം സംഭവിക്കാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. പകുതി വിലയ്ക്ക് സാധനം കിട്ടുന്നതുകൊണ്ട് തന്നെ വാങ്ങിക്കുന്നവരും സന്തുഷ്ടരാണ്.

(നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. സ്ഥിരമായുള്ള മദ്യപാനം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.)