യു വി രശ്മികള്‍ ഏറ്റവും കൂടുതല്‍ പതിച്ചത് മൂന്ന് ജില്ലകളില്‍; പട്ടികയില്‍ പാലക്കാട് ഇല്ല

Wednesday 19 March 2025 9:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചൂട് കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സുരക്ഷിതരായിരിക്കണമെന്ന മുന്നറിയിപ്പും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളുടെ (യു വി) വികിരണ തോത് വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തോത് അനുസരിച്ച് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളാണ് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തുന്നത് പാലക്കാട് ജില്ലയിലാണ്. കാലങ്ങളായി ഇതാണ് പതിവെന്നിരിക്കെ യു വി രശ്മികളുടെ വികിരണ തോതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ പാലക്കാട് ഉള്‍പ്പെട്ടിട്ടില്ല. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് ആദ്യ മൂന്നില്‍ എത്തിയത്. കൊല്ലത്ത് കൊട്ടാരക്കര, പത്തനംതിട്ടയില്‍ കോന്നി, ഇടുക്കിയില്‍ മൂന്നാര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ യു വി രശ്മികള്‍ പതിച്ചതായി കണ്ടെത്തിയിരിക്കുന്നത്. യു വി സൂചിക അനുസരിച്ച് 10 ആണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ തോത്.

സൂചികയില്‍ പത്ത് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഈ സ്ഥലങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അള്‍ട്രാവയലറ്റ് സൂചിക 6 മുതല്‍ 7 വരെയെങ്കില്‍ യെല്ലോ അലേര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലേര്‍ട്ടും 11നു മുകളിലേങ്കില്‍ റെഡ് അലേര്‍ട്ടുമാണ് നല്‍കുക. തുടര്‍ച്ചയായി സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.