പ്രീ പ്രൈമറി ഓണറേറിയം വർദ്ധന: എതിർത്ത് സർക്കാരിന്റെ അപ്പീൽ

Thursday 20 March 2025 4:42 AM IST

കൊച്ചി: ഗവ. സ്‌കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറികളിലെ അദ്ധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വർദ്ധിപ്പിക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവിട്ടതിനെതിരെ സർക്കാർ ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി. ഓണറേറിയം നൽകുന്നത് സർക്കാർ ഭരണതലത്തിൽ എടുക്കേണ്ട തീരുമാനമാണെന്നും വർദ്ധിപ്പിക്കണമെന്നു പറയാൻ കോടതിക്ക് അധികാരമില്ലെന്നും കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ അപ്പീൽ. അടുത്ത ദിവസം ഇത് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും. ഓൾ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അദ്ധ്യാപകരും ഫയൽ ചെയ്ത ഹർജികളിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ദൈനംദിന ചെലവുകളിലുണ്ടായ വർദ്ധനയടക്കം കണക്കിലെടുക്കുമ്പോൾ ശമ്പളം കൂട്ടേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.