മന്ത്രിസഭയുടെ പച്ചക്കൊടി: വിഴിഞ്ഞത്തേക്ക്  റെയിൽ തുരങ്കം, 2028ൽ പൂർത്തിയാക്കും

Thursday 20 March 2025 4:47 AM IST

തിരുവനന്തപുരം: മന്ത്രിസഭായോഗം പച്ചക്കൊടി കാട്ടിയതോടെ, ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള തുരങ്ക റെയിൽപ്പാത നിർമ്മാണം ഉടൻ തുടങ്ങും. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. ഇവർ തയ്യാറാക്കിയ പദ്ധതിരേഖയാണ് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചത്. അദാനിയുമായുള്ള കരാർപ്രകാരം സംസ്ഥാനസർക്കാരാണ് റെയിൽപ്പാത നിർമ്മിക്കേണ്ടത്. 2028 ഡിസംബറിൽ പൂർത്തിയാക്കും.

ഭൂഗർഭ പാതയ്ക്ക് 1482.92 കോടിയാണ് ചെലവ്. സ്ഥലം ഏറ്റെടുക്കാനുള്ള തുക ഉൾപ്പെടെയാണിത്.

കേന്ദ്രപദ്ധതികളായ പ്രധാനമന്ത്രി ഗതിശക്തി, മൂലധന നിക്ഷേപത്തിനുള്ള കേന്ദ്രപദ്ധതി, സാഗർമാല, റെയിൽ സാഗർ പദ്ധതികളിലൂടെ ഫണ്ട് കണ്ടെത്താനാണ് ശ്രമം.

ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലെ 4.697ഹെക്ടർ ഭൂമിയേറ്റെടുക്കണം. വിഴിഞ്ഞം വില്ലേജിലെ 0.829ഹെക്ടർ ഏറ്റെടുക്കലിന് നടപടി തുടങ്ങിയിട്ടുണ്ട്.മൊത്തം 5.526ഹെക്ടർ സ്ഥലമേറ്റെടുക്കാൻ 198കോടി ചെലവുണ്ട്. പദ്ധതിക്ക് 2022 മാർച്ചിൽ ദക്ഷിണറെയിൽവേ അംഗീകാരം നൽകിയിരുന്നു. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

ടണൽ നിർമ്മാണത്തിന് നെതർലാൻഡ്സിലെ കമ്പനിയുടെ സാങ്കേതികസഹായം തേടിയിട്ടുണ്ട്. റെയിൽപ്പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഒഴികെ പൂർണമായും ഭൂഗർഭപാതയാണ്. രക്ഷാദൗത്യത്തിന് എസ്കേപ്പ് ഡക്ടുകളുമുണ്ടാവും.

കഴിവതുംവേഗം ചരക്കുനീക്കം ആരംഭിക്കാനും തുരങ്കപാത പൂർത്തിയാവുമ്പോൾ പ്രയോജനപ്പെടുത്താനും വിഴിഞ്ഞത്തോട് ഏറെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പരിധിയിൽ

കണ്ടെയ്നർ ടെർമിനൽ സ്ഥാപിക്കും. ട്രാക്കിനു സമീപത്ത് 20 മുതൽ 35ഏക്കർ ഭൂമിയാണ് ടെർമിനലിന് വേണ്ടത്. റെയിൽപ്പാതയോട് ചേർന്ന് സ്വകാര്യകമ്പനികളുടെ കണ്ടെയ്നർ ടെർമിനലുകളും വരും. 300 കോടി ചെലവിൽ എം.എസ്.സി ഷിപ്പിംഗ് കമ്പനിയുടെ മെഡ് ലോഗ് ടെർമിനൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ടണൽ 25-35 മീറ്റർ താഴ്ചയിൽ,

മുകളിൽ നിർമ്മാണങ്ങളാവാം

10.7കി.മീ :

പാതയുടെ

മൊത്തം നീളം

9.02കി.മീ:

ടണൽ നീളം

# പാതയുടെ തുടക്കം

ബാലരാമപുരം

മുടവൂർപാറയിൽ

150 മീറ്റർ അകലെ :

തുറമുഖത്ത് ടണൽ

അവസാനിക്കുന്നത്

റെയിൽപ്പാതയുടെ 70%:

ബാലരാമപുരം-വിഴിഞ്ഞം

റോഡിന് അടിയിലൂടെ

35 മിനിറ്റ്:

ഈ പാതയിലൂടെ

ചരക്കുനീക്കത്തിന്

വലിപ്പത്തിൽ മൂന്നാമൻ

രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണലായിരിക്കും വിഴിഞ്ഞത്തേത്. ഉധംപു‌ർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ ഭാഗമായ 12.75 കി.മീറ്റർ ടണൽ, 11.2 കി.മീ നീളമുള്ള പിർ പഞ്ചാൾ എന്നിവയാണ് വലിയ ടണലുകൾ.

ടണൽ നിർമ്മാണം

ചെലവ് കുറച്ച്

ചെലവേറിയ ടണൽ ബോറിംഗ് മെഷീൻ രീതിക്കുപകരം ചെലവുകുറഞ്ഞ ആധുനിക ഡ്രില്ലിംഗ് ബ്ളാസ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ടണൽനിർമ്മാണം

പാറയുടെ ഘടനയും സ്വഭാവവുമനുസരിച്ച് പൊട്ടിച്ചും പൊടിച്ചും അതുപയോഗിച്ചുതന്നെ

വശങ്ങൾ ബലപ്പെടുത്തിയും തുരന്നുപോകും. അതിനാൽ ചെലവ്കുറയും.

''വിഴിഞ്ഞത്തിന് അടുത്തുള്ള സ്റ്റേഷനിൽ കണ്ടെയ്നർ റെയിൽ ടെർമിനൽ സ്ഥാപിക്കുന്നതിന് ദക്ഷിണറെയിൽവേയുമായി ചർച്ച നടത്തുകയാണ്

-വി.എൻ.വാസവൻ

തുറമുഖമന്ത്രി

4.5 ലക്ഷം:

ഇതുവരെ എത്തിയ

കണ്ടെയ്നറുകൾ

220:

ഇതുവരെ എത്തിയ

കപ്പലുകൾ