നിക്ഷേപകർക്ക് വിശ്വാസമേറുന്നു

Thursday 20 March 2025 12:28 AM IST
nix

ഓഹരിയും രൂപയും നേട്ടപാതയിൽ

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയും രൂപയും നേട്ടമുണ്ടാക്കി. ആഭ്യന്തര ഫണ്ടുകളുടെ വാങ്ങൽ താത്പര്യവും കേന്ദ്ര സർക്കാർ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് ആവേശം സൃഷ്‌ടിച്ചത്. ആഗോള മേഖലയിലെ പ്രതികൂല വാർത്തകൾക്കിടെയിലും ഇന്ത്യ 6.5 ശതമാനം വളർച്ച നേടുമെന്ന പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റെ റിപ്പോർട്ടും അനുകൂലമായി.

പ്രമുഖ സൂചികയായ സെൻസെക്‌സ് 147.79 പോയിന്റ് ഉയർന്ന് 75,449.0ൽ അവസാനിച്ചു. നിഫ്‌റ്റി 73.30 പോയിന്റ് നേട്ടവുമായി 22,907.60ൽ അവസാനിച്ചു. ടാറ്റ സ്‌റ്റീൽ, സൊമാറ്റോ, പവർ ഗ്രിഡ്, അൾട്രാ ടെക്ക് സിമന്റ്, ഇൻഡസ് ഇൻഡ് ബാങ്ക്, അദാനി പോർട്ട്‌സ്, എൻ.ടി.പി.സി, എസ്.ബി.ഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികൾ. കൊച്ചിൻ ഷിപ്പ്‌യാർഡ് ഉൾപ്പെടെ പ്രതിരോധ മേഖലയിലെ ഓഹരികളെല്ലാം ഇന്നലെ മികച്ച മുന്നേറ്റം കാഴ്‌ചവച്ചു. അമേരിക്കൻ വിപണി നഷ്ടത്തിൽ അവസാനിച്ചപ്പോൾ ഏഷ്യൻ വിപണികൾ സമ്മിശ്രമായാണ് നീങ്ങിയത്.

ലക്ഷം കോടി വിപണി മൂല്യത്തിലേക്ക് മുത്തൂറ്റ് ഫിനാൻസ്

കേരളത്തിന്റെ ചരിത്രത്തിലെ ഉയർന്ന വിപണി മൂല്യവുമായി മുത്തൂറ്റ് ഫിനാൻസ് ചരിത്രം സൃഷ്‌ടിക്കുന്നു. ഇന്നലെ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില 98.55 രൂപ വർദ്ധിച്ച് 2,416.45 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി 97,011 കോടി രൂപയിലെത്തി. സ്വർണ വിലയിലുണ്ടായ മികച്ച കുതിപ്പും പ്രമുഖ രാജ്യാന്തര ഏജൻസി റേറ്റിംഗ് ഉയർത്തിയതുമാണ് മുത്തൂറ്റ് ഫിനാൻസിന് അനുകൂലമായത്.

കരുത്തേറി രൂപ

തുടർച്ചയായ നാലാം ദിവസവും കരുത്ത് നേടി ഇന്ത്യൻ രൂപ. വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതും കയറ്റുമതിക്കാർ ഡോളർ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ശക്തി പകർന്നു. ഇന്നലെ ഡോളറിനെതിരെ രൂപ 12 പൈസ നേട്ടവുമായി 86.44ൽ വ്യാപാരം പൂർത്തിയാക്കി. വിപണിയിൽ പണലഭ്യത കൂട്ടുന്നതിന് റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതും രൂപയ്ക്ക് ഗുണമായി.