വിശദീകരണവുമായി തരൂർ: പ്രധാനമന്ത്രിയെ പിന്തുണച്ചത് ഇന്ത്യക്കാരനെന്ന നിലയിൽ

Thursday 20 March 2025 2:34 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ-യുക്രെയിൻ നയത്തെ പിന്തുണച്ചത് വിവാദമായതോടെ വിശദീകരണവുമായി ശശി തരൂർ എം.പി രംഗത്ത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ ഇന്ത്യക്കാരൻ എന്ന നിലയിലാണ് പിന്തുണച്ചത്. അതിൽ രാഷ്‌ട്രീയം കാണേണ്ടതില്ല. യുക്രെയിൻ, റഷ്യ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് നല്ല ബന്ധമായതിനാൽ സമാധാന പ്രക്രിയയിൽ നല്ല റോളുണ്ട്. മുൻപ് റഷ്യയോട് സ്വീകരിച്ച നിലപാട് തെറ്റാണെന്ന് തോന്നി. ഇപ്പോൾ ഇരുരാജ്യങ്ങളുമായും ഒരേ സമയം ചർച്ച ചെയ്യാൻ സാധിക്കുന്നത് വലിയ കാര്യമാണ്. അക്കാര്യമാണ് സൂചിപ്പിച്ചതെന്നും തരൂർ വ്യക്തമാക്കി.

റഷ്യയ്‌ക്കും യുക്രെയിനും സ്വീകാര്യനായ വ്യക്തിയായി നരേന്ദ്രമോദി മാറിയെന്നും ലോകസമാധാനം നിലനിർത്താൻ ഇന്ത്യയ്‌ക്കു കഴിയുമെന്നും റെയ്‌സീന ഡയലോഗിൽ തരൂർ പറഞ്ഞതാണ് വിവാദമായത്.

കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ തരൂരിന്റെ വാക്കുകൾ ബി.ജെ.പി വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ബി.ജെ.പി കേരള അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും തരൂരിനെ പ്രശംസിച്ചു. കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചില്ല.

തരൂർ യഥാർത്ഥത്തിൽ പ്രശംസിക്കേണ്ടത് സി.പി.എമ്മിനെയാണെന്ന് രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് പറഞ്ഞു. യുക്രെയിൻ സംഘർഷത്തെ തുടർന്ന് പാശ്‌ചാത്യ രാജ്യങ്ങളുടെ ഭീഷണിക്ക് വഴങ്ങരുതെന്നും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങണമെന്നും ആദ്യം പറഞ്ഞത് തങ്ങളാണ്. പ്രധാനമന്ത്രി അതു നടപ്പാക്കിയതിനാൽ റഷ്യയിൽ നിന്ന് 40 ശതമാനം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന സ്ഥിതിയുണ്ടായെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചയെയും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ വ്യവസായ നയത്തെയും പ്രശംസിച്ച തരൂരിന്റെ നടപടി പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എ.ഐ.സി.സി നേതൃത്വം നേതാക്കളെ ഡൽഹിയിൽ വിളിച്ചുവരുത്തി പ്രശ്‌നങ്ങൾ ഒതുക്കി തീർത്തതിന് പിന്നാലെയാണ് പുതിയ പ്രസ്‌താവന.